ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

വാസുവിന്‍റെ പിഎയായിരുന്ന സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.
sabarimala gold heist case update

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

file image

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും ദേവസ്വം മുൻ കമ്മിഷണറുമായ എൻ. വാസുവിനെ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്എടി) വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വാസുവിന്‍റെ പിഎയായിരുന്ന സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.

സന്നിധാനത്ത് ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്‍റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, സഹായം ആവശ്യമുള്ള ഒരു പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും കേസിലെ ഒന്നാം പ്രതിയായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ‌ പോറ്റി വാസുവിന് ഇ- മെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് പോറ്റിയുടെ മെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും സുധീഷ് കുമാറിന്‍റെ മൊഴിയുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്താനുമായിരുന്നു ചോദ്യം ചെയ്യൽ.

ബോർഡ് പ്രസിഡന്‍റിന്‍റെ അനുമതിയല്ല, ഉപദേശം തേടിയാണ് മെയിൽ വന്നതെന്നാണ് വാസു മാധ്യമങ്ങളോട് പറഞ്ഞത്. ""സന്നിധാനത്തെ സ്വർണമാണിതെന്ന് മെയിൽ കിട്ടുമ്പോൾ കരുതാൻ കഴിയുമോ? പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ചു ദ്വാരപാലക ശിൽപങ്ങളിൽ പൂശാനാണ് കരാർ. അങ്ങനെ പൂശിയ സ്വർണത്തിന്‍റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണല്ലോ ആരും കരുതുക. ഇ- മെയിൽ പ്രിന്‍റെടുത്ത് അതിനു മുകളിൽ "തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക' എന്ന് എഴുതിയതല്ലാതെ പിന്നീട് അതിൽ എന്തു സംഭവിച്ചെന്നു പോലും അന്വേഷിച്ചില്ല. വിവാദമായപ്പോൾ അന്വേഷിച്ചു. ബോർഡിന്‍റെ എന്തു സഹകരണമാണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ച് ബോർഡ് ഓഫിസിൽ നിന്ന് പോറ്റിക്ക് മെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറിഞ്ഞത് ''- വാസു പറഞ്ഞിരുന്നു.

ഇതേ കാര്യങ്ങൾ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും ചോദിച്ചത്. എന്നാൽ, തൃപ്തികരമായ മറുപടിയല്ല വാസു നൽകിയതെന്നാണ് വിവരം. ഇതോടെ പോറ്റിയുടെ മൊഴി പ്രകാരം സംശയ നിഴലിലുള്ള മറ്റുള്ളവരെയും വീണ്ടും ചോദ്യം ചെയ്തേക്കും.

അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് അറസ്‌റ്റ് ചെയ്തത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ നേരത്തേ എസ്എടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com