

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച് ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടു പിന്നാലെയാണ് ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.
ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശം.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകൻ എ.കാർത്തിക്കാണ് ജയശ്രീക്കായി സുപ്രീം കോടതിയെ സമീപിച്ചത്.