

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും
file image
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്നും ശ്രീകോവിൽ വാതിൽ പടികളിൽ നിന്നും സ്വർണം മോഷ്ടിച്ചെന്ന കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ എത്ര സമയം വേണമെന്ന് വ്യക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി അവസാന അവസരം നൽകി.
അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസിന്‍റെ സമഗ്രമായ റിപ്പോർട്ടും സമയവിവരവും 29നകം സമർപ്പിക്കാൻ നിർദേശിച്ചു. കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ കർശന നിലപാട്. കേസിന്‍റെ ഗൗരവവും ഇതുവരെ നൽകിയ സമയവും കണക്കിലെടുക്കുമ്പോൾ അന്വേഷണം യുക്തിസഹമായ ഒരു തീരുമാനത്തിൽ എത്തിക്കാൻ ആവശ്യത്തിന് സമയം ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. പ്രതികളുടെ പങ്കാളിത്തവും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധിയും അടങ്ങുന്ന സമഗ്ര റിപ്പോർട്ട് 29നകം സമർപ്പിക്കാമെന്ന് ഉറപ്പുനൽകി.
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതി പരിശോധിച്ചു. 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ ഈ റിപ്പോർട്ട് സഹായിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ശിൽപങ്ങൾ സന്നിധാനത്തു നിന്ന് മാറ്റിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും പ്രതികൾ തമ്മിലുള്ള ആശയവിനിമയങ്ങളിൽ നിന്നും ഇത് വ്യക്തമാണെന്നും കോടതി കൂട്ടിച്ചേർത്തു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ കോടതിയിൽ ഹാജരായി.