ശബരിമലയുടെ അഞ്ച് മീറ്റർ ഉയരം വരെ ഹെലികോപ്റ്റർ എത്തി, ദൃശ്യങ്ങൾ പകർത്തിയെന്ന് സംശയം; ഗുരുതര പിഴവെന്ന് എഡിജിപി

കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ല
sabarimala helicopter incident, adgp report

ശബരിമലയുടെ അഞ്ച് മീറ്റർ ഉയരം വരെ ഹെലികോപ്റ്റർ എത്തി, ദൃശ്യങ്ങൾ പകർത്തിയെന്ന് സംശയം; ഗുരുതര പിഴവെന്ന് എഡിജിപി

Updated on

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്നത് ഗുരുതര പിഴവെന്ന് എഡിജിപി എസ്. ശ്രീജിത്തിന്‍റെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് 5 മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റര്‍ എത്തിയെന്നും ഹെലികോപ്റ്ററില്‍ ഉള്ളവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ എഡിജിപി വ്യക്തമാക്കുന്നു. റിപ്പോർട്ട് ഹൈക്കോടതിക്കു കൈമാറും.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ അതീവ സുരക്ഷാ മേഖലകളിൽ ആകാശ നിരീക്ഷണത്തിന് കേരള പൊലീസിനു മാത്രമാണ് അധികാരമുള്ളതെന്ന 2024ലെ ഹൈക്കോടതി ഉത്തരവാണ് ലംഘിക്കപ്പെട്ടത്. മറ്റേതെങ്കിലും സുരക്ഷാ ഏജൻസി ഈ മേഖലയിൽ ആകാശനിരീക്ഷണം നടത്തണമെങ്കിൽ കേരള പൊലീസിനെ അറിയിക്കണം. എന്നാൽ അതുണ്ടായിട്ടില്ല. വിഷയത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍നിന്നു വിശദീകരണം തേടും. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ്പിയെ ചുമതലപ്പെടുത്തി.

സന്നിധാനത്തു സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. കേരള പൊലീസ് ആക്ട് 118 പ്രകാരം 10,000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പമ്പ പൊലീസ് ചുമത്തിയത്. അന്തരീക്ഷം മേഘാവൃതമായതിനെ തുടര്‍ന്ന് ദിശ തെറ്റിയതിനാലാണു താഴ്ന്നു പറന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി ഓഫിസ് വിശദീകരിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുനിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പൈലറ്റടക്കം മൂന്നു കോസ്റ്റ്ഗാർഡ് സേനാംഗങ്ങളുമായി ഹെലികോപ്റ്റർ എത്തിയത്. ആദ്യം വട്ടമിട്ട ശേഷം രണ്ടാമത്തെ വരവിൽ കൊടിമരത്തിന് 10 മീറ്ററോളം ഉയരത്തിൽ 10 സെക്കൻഡോളം നിശ്ചലമായി നിന്നു. പിന്നിലിരുന്നയാൾ മൊബൈലിൽ ക്ഷേത്രത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com