

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു. ശേഷം 18ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഞായറാഴ്ച രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക.
മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. ശബരിമല ഉത്സവത്തിനായി 22ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 23ന് ശബരിമല ഉത്സവത്തിന് കൊടിയേറും. 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. അന്നേദിവസം രാവിലെ 9ന് സന്നിധാനത്തു നിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും.
ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്വൽ ക്യു വെബ്സൈറ്റ് www.sabarimalaonline.org വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാം.