ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത യാത്ര; 'സിഫ്റ്റി'ന് പേറ്റന്റ്

"നോൺ- സൈക്ലിക് റഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിന് ജലജീവികളിൽ ഹൈപ്പോതെർമിക് അനസ്‌തേഷ്യ നൽകുന്നതിനുള്ള ഉപകരണം'' എന്ന കണ്ടുപിടിത്തത്തിനാണ് സിഫ്റ്റിനു പേറ്റന്‍റ് ലഭിച്ചത്
Dr. Parvathy, Dr. Murali, Dr. Bincy, Dr. Satish Kumar, Dr. Ravi Shankar, Jithin T. Joy, Vishnu R. Nair

ഡോ. പാർവതി, ഡോ. മുരളി, ഡോ. ബിൻസി, ഡോ. സതീഷ് കുമാർ, ഡോ. രവിശങ്കർ, ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ

Updated on

കൊച്ചി: മത്സ്യങ്ങളെയും മറ്റു ജല ജീവികളെയും ജീവനോടെ സുരക്ഷിതമായി കൊണ്ടുപോകാനായി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയ്ക്ക് കൊച്ചിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾക്കൾച്ചർ റിസർച്ച് – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് (ഐസിഎആർ – സിഐഎഫ്ടി) ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. "നോൺ- സൈക്ലിക് റഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിന് ജലജീവികളിൽ ഹൈപ്പോതെർമിക് അനസ്‌തേഷ്യ നൽകുന്നതിനുള്ള ഉപകരണം'' എന്ന കണ്ടുപിടിത്തത്തിനാണ് സിഫ്റ്റിനു പേറ്റന്‍റ് ലഭിച്ചത്.

മത്സ്യങ്ങളെ ഗതാഗതത്തിനു മുമ്പ് രാസവസ്തുക്കൾ ഉപയോഗിക്കാതെ, നിയന്ത്രിത കുറഞ്ഞ താപനിലയിലൂടെ ശാന്തമാക്കുന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന പ്രത്യേകത. ഓരോ മത്സ്യ ഇനത്തിനും അനുയോജ്യമായ രീതിയിൽ വെള്ളത്തിന്‍റെ താപനില ക്രമേണ കുറയ്ക്കുന്നതിനാൽ അപ്രതീക്ഷിത തണുപ്പു മൂലമുള്ള ആഘാതം ഒഴിവാക്കാനും ഗതാഗത സമയത്തെ ജീവൻ നിലനിർത്തൽ വർധിപ്പിക്കാനും കഴിയും. നിയന്ത്രിതവും രാസരഹിതവും ഷോക്ക് രഹിതവുമായ തണുപ്പിക്കൽ സംവിധാനമാണ് ഈ കണ്ടുപിടിത്തത്തിന്‍റെ പ്രധാന പുതുമ.

ജീവനുള്ള മത്സ്യങ്ങളുടെ ഗതാഗതം കർഷകർ, വ്യാപാരികൾ, ഉപയോക്താക്കൾ എന്നിവർക്കെല്ലാം ഏറെ പ്രധാനപ്പെട്ട മേഖലയാണ്. എന്നാൽ ഗതാഗതത്തിനിടെ മത്സ്യങ്ങൾക്കുണ്ടാകുന്ന സമ്മർദവും മരണ നിരക്കും വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് പ്രായോഗികവും ലളിതവുമായ പരിഹാരമാണ് ഐസിഎആർ- സിഫ്റ്റ് വികസിപ്പിച്ച ഈ പേറ്റന്‍റ് സാങ്കേതിക വിദ്യ. ചെറുകിട, ഇടത്തരം സംരംഭകർക്കും മത്സ്യ കർഷകർക്കും ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗതാഗതത്തിനിടയിലെ സമ്മർദവും മരണ നിരക്കും കുറയ്ക്കുന്നതിലൂടെ മത്സ്യങ്ങളുടെ നിലനിൽപ്പ് മെച്ചപ്പെടുത്താനും വിപണി മൂല്യം വർധിപ്പിക്കാനും ജീവനുള്ള മത്സ്യങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കും. ഗതാഗത നഷ്ടം കുറച്ച്, ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ജീവനുള്ള മത്സ്യം ലഭ്യമാക്കുന്നതിനാൽ ഈ കണ്ടുപിടിത്തത്തിന് മികച്ച വാണിജ്യ സാധ്യതയുമുണ്ട്.

ഐസിഎആർ- സിഐഎഫ്ടി നടപ്പാക്കിയ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്‍റെ (ഡിഎസ്ടി) പിന്തുണയുള്ള പദ്ധതിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഡോ. യു. പാർവതി, ഡോ. എസ്. മുരളി, ഡോ. പി.കെ. ബിൻസി, ഡോ. കെ. സതീഷ് കുമാർ, ഡോ. സി.എൻ. രവിശങ്കർ, ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ എന്നിവരാണ് ഈ പേറ്റന്‍റ് സാങ്കേതിക വിദ്യയുടെ വികസനത്തിൽ പങ്കാളികളായത്.

logo
Metro Vaartha
www.metrovaartha.com