വയനാട് തുരങ്ക പദ്ധതി സുരക്ഷാ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; വൈകാതെ തീരുമാനമുണ്ടാകുമെന്ന് റവന്യൂ മന്ത്രി

ജൂലൈ ഏഴിന് തുരങ്ക പാതയുടെ നിർമാണ സ്ഥലമായ ആനക്കാംപൊയിൽ-മേപ്പാടി മേഖലയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് പഠനം നടത്താൻ സമിതിയെ നിയോഗിച്ചത്
Safety report for the Wayanad tunnel project submitted to the government

വയനാട് തുരങ്ക പദ്ധതി സുരക്ഷാ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

Updated on: 

കോഴിക്കോട്: വയനാട് തുരങ്ക പാത പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം വൈകാതെ തീരുമാനമുണ്ടാകുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ. വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജൂലൈ ഏഴിന് തുരങ്ക പാതയുടെ നിർമാണ സ്ഥലമായ ആനക്കാംപൊയിൽ-മേപ്പാടി മേഖലയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് പഠനം നടത്താൻ സമിതിയെ നിയോഗിച്ചത്. മണ്ണിടിച്ചിൽ ദുരന്തത്തിൽ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. വയനാട്, കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വയനാട് തുരങ്ക പാത പദ്ധതി.

''തുരങ്ക പദ്ധതി മുന്നോട്ട് കൊണ്ടുപോകണമോ എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ചിലർ അത് തുടരണമെന്ന് പറയുമ്പോൾ മറ്റു ചിലർ എതിർക്കുന്നു. സർക്കാർ എല്ലാ വശങ്ങളും പരിശോധിച്ചശേഷം വ്യക്തമായ തീരുമാനം എടുക്കും''- അനിൽ കുമാർ പറഞ്ഞു.

അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച ശേഷം മാത്രമേ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എല്ലാ പഠനങ്ങളും പൂർത്തിയാക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം അടുത്ത നടപടി സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം നിയമസഭയിൽ ഒരു എംഎൽഎ ഉന്നയിച്ചിരുന്നുവെന്നും വിഷയം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് സർക്കാർ സഭയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.