

ബേക്കറി വഴി വൈൻ വിൽപന: എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെ ചുമതലയിൽ നിന്ന് മാറ്റി
തിരുവനന്തപുരം: ബേക്കറി വഴി വൈൻ വിൽപ്പന നടത്തിയത് വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണി നടത്തി സർക്കാർ. അബ്കാരി ചുമതലയുള്ള എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ സ്ഥാനത്ത് നിന്ന് സി.കെ. അനിൽ കുമാറിനെ നീക്കി. പകരം സുഭാഷ്. വി ക്കാണ് ചുമതല നൽകിയിരിക്കുന്നത്. അനിൽ കുമാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബേക്കറി വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ സർക്കാരിന്റെ തീരുമാനമായിരുന്നു ഇത്. ഇക്കാര്യം കണ്ടെത്തിയതിനു പിന്നാലെയാണ് അവധിദിവസമായിട്ടു പോലും അടിയന്തരമായി ചുമതലമാറ്റത്തിനുള്ള ഉത്തരവിറക്കിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനിൽ കുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ആയി നിയമിച്ചിരുന്നത്. പുതിയ സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് ബേക്കറി വഴിയുള്ള വൈൻ വിൽപ്പനയെന്നും സർക്കാർ അറിയാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്നുമാണ് ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത അതൃപ്തി പ്രകടമാക്കിയിരുന്നു. അനിൽ കുമാറിന് പകരം ചുമതലയു നൽകിയിട്ടില്ല.