
സെക്രട്ടേറിയറ്റിൽ ശുദ്ധികലശം; കന്‍റോൺമെന്‍റ പൊലീസ് അന്വേഷണം തുടങ്ങി
കേരള സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് അന്വേഷണം തുടങ്ങി. സെക്രട്ടേറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ സെക്രട്ടേറിയേറ്റ് അസിസ്റ്റന്‍റിനെതിരേയാണ് പരാതി.
എസ്‌സി– എസ്ടി കമ്മിഷനിൽ ലഭിച്ച പരാതി പൊലീസിന് കൈമാറിയതോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഇരുകൂട്ടരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. അടുത്ത ദിവസങ്ങളിലായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം.
സെക്രട്ടേറിയേറ്റിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അറ്റൻഡറായിരുന്ന യുവതിക്ക് ഏപ്രിൽ ആദ്യവാരമാണ് ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. പിന്നീട് മറന്നുവച്ച ബാഗ് എടുക്കാൻ മേയ് മാസത്തിൽ ഓഫിസിൽ എത്തിയപ്പോഴാണ് ഇവര്‍ ഉപയോഗിച്ച മേശയും കസേരയും സെക്രട്ടേറിയേറ്റ് അസിസ്റ്റന്‍റ് കഴുകി മാറ്റിയെന്നും ശുദ്ധികലശം നടത്തിയെന്നും മറ്റ് ജീവനക്കാർ യുവതിയോട് പറഞ്ഞത്.
പിന്നീട് യുവതി എസ്‌സി- എസ്ടി കമ്മിഷൻ മേയ് 30ന് പരാതി നൽകി. 20 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകിയതിനു പിന്നാലെ പൊലീസിനും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
നിലവിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സ്ഥലത്തില്ലാത്തതിനാൽ ആദ്യം പരാതിക്കാരിയുടെ മൊഴിയെടുക്കുകയാണ് പ്രാഥമിക നടപടിയെന്ന് പൊലീസ് അറിയിച്ചു. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റിവ് വിജിലൻസ് സെല്ലിൽ ഓഫിസ് അറ്റൻഡറായിരിക്കെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാട്ടി കോന്നി സ്വദേശിനിയാണ് സെക്രട്ടേറിയേറ്റ് അസിസ്റ്റന്‍റ് പ്രേമാനന്ദനെതിരേ പരാതി നൽകിയത്. ഇയാൾ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവാണ്. താൻ സ്ഥലം മാറി പോകുന്നതിന് മുൻപു വരെ എതിർകകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും തസ്‌തിക വ്യത്യാസമാണ് ഇതിനു കാരണമായി കരുതിയതെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി വ്യാജമാണെന്ന് പ്രേമാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.