തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന്‍ ചുമതലയേറ്റു. ഭര്‍ത്താവ് ഡോ. വി. വേണുവില്‍ നിന്നാണ് ശാരദ മുരളീധരന്‍ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കേണ്ടതിനാല്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചുമതലയേറ്റെടുത്ത ശേഷം ശാരദ മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ സാമ്പത്തികപരിമിതികളെ അതിജീവിച്ച് നല്ല രീതിയില്‍ വികസനത്തില്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്‍റെ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കി സര്‍ക്കാരിന്‍റെ ദൗത്യം സാക്ഷാത്കരിക്കും.
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് തന്‍റെ മുന്‍ഗാമികള്‍ കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയമായ, ജനസൗഹൃദമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും പ്രശ്നപരിഹാരത്തിനുള്ള ഇടമായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.