ആൾക്കൂട്ട മനോരോഗങ്ങൾക്ക് ചികിത്സയില്ല, പക്ഷേ, പൊലീസ് അങ്ങനെ ചെയ്യരുതായിരുന്നു: വിമർശനവുമായി ശാരദക്കുട്ടി

"ഗുരുവായൂരിൽ ഒരു സ്ത്രീ ക്രുരമായി കൊല്ലപ്പെടുന്നു. കൊലയാളി എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ ആ സ്ത്രീയെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നു"
saradakutty-slams-police-over-murder-accused video share

പ്രതി സുരേഷ് കുമാർ | എസ്. ശാരദക്കുട്ടി

Updated on

ഗുരുവായൂരിൽ 65 കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ ചോദ്യം ചെയ്യൽ ദൃശ്യങ്ങൾ പുറത്തുവിട്ട സംഭവത്തിൽ വിമർശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. കൊലയാളി എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ ആ സ്ത്രീയെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നു. ആ ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസിന്‍റെ നടപടി വളരെ ഹീനമായി പോയെന്ന് ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

അത് കേട്ടപാതി കേൾക്കാത്ത പാതി മനോവൈകൃതം ബാധിച്ചവർ സ്വന്തം തലയിലെ മാലിന്യം ശർദ്ദിച്ചു തുടങ്ങി. അവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ആ ശരീരത്തിനു മേൽ കസേര വലിച്ചിട്ട് വിധിപ്രസ്താവങ്ങൾ നടത്തി. അവർക്ക് പലതരം പേരുകൾ വീണു. പടർത്തി വിട്ട അസഭ്യങ്ങൾ കാറ്റത്ത് പഞ്ഞിയെന്നത് പോലെ അതിവേഗം പറന്ന് പ്രചരിച്ചു. ആൾക്കൂട്ട മനോരോഗങ്ങൾക്ക് ചികിത്സയില്ല. പക്ഷേ, പൊലീസ് നടപടികൾക്ക് കുറച്ചുകൂടി മാന്യതയും അന്തസുമുണ്ടാകണമെന്നും ശാരദക്കുട്ടി കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ഗുരുവായൂരിൽ ഒരു സ്ത്രീ ക്രുരമായി കൊല്ലപ്പെടുന്നു. കൊലയാളി എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ ആ സ്ത്രീയെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നു. പുറത്തു പറയാനോ കേൾക്കാനോ കൊള്ളാത്ത തരത്തിൽ അയാൾ പറഞ്ഞതിനെല്ലാം പോലീസ് വീണ്ടും വീണ്ടും വിശദീകരണം തേടുന്നു.

അയാൾ പൊടിപ്പും തൊങ്ങലും കെട്ടി അധമരുചിക്കാർക്ക് വേണ്ടതെല്ലാം വിളമ്പി. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ പുറത്തായി. ആ വീഡിയോ കേരളത്തിലിനി കേൾക്കാനും കാണാനും ആരുമില്ല. ആ സ്ത്രീക്കെതിരെ കമന്‍റുകളായി വന്ന തെറികൾ മലയാളി മനസ്സിന്‍റെ ദുഷിപ്പും ചലവും പഴുപ്പും ദുർഗന്ധവും വമിക്കുന്നതായിരുന്നു.

ആ സ്ത്രീ പക്ഷേ മരിച്ചു കഴിഞ്ഞു. മൃതദേഹമാണ് അപമാനിക്കപ്പെട്ടത്. ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴോ? അവർക്കു മേൽ അയാൾ വാരിയെറിഞ്ഞ അശ്ലീലത്തിനൊന്നും ഒരു തെളിവും ആ ശരീരത്തിലില്ല. സ്വന്തം പക്ഷം, താൻ നേരിട്ട ആക്രമണം, ഒന്നും വിശദീകരിക്കാൻ അവരിനിയില്ല.

പ്രത്യക്ഷ തെളിവുകളൊന്നുമില്ലാതെ മോഷ്ടാവും മദ്യപാനിയുമായ ഒരാൾ ആ സ്ത്രീക്കെതിരെ പറഞ്ഞ അസഭ്യങ്ങൾ വീഡിയോയിലെടുത്ത് പുറത്തുപോകാനിട കൊടുത്ത പോലീസ് നടപടി എത്ര ഹീനമായിപ്പോയി.

എന്തെല്ലാമാണയാൾ പറഞ്ഞത്! അത് കേട്ടപാതി കേൾക്കാത്ത പാതി മനോവൈകൃതം ബാധിച്ചവർ സ്വന്തം തലയിലെ മാലിന്യം ശർദ്ദിച്ചു തുടങ്ങി. അവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ആ ശരീരത്തിനു മേൽ കസേര വലിച്ചിട്ട് വിധിപ്രസ്താവങ്ങൾ നടത്തി. അവർക്ക് പലതരം പേരുകൾ വീണു. പടർത്തി വിട്ട അസഭ്യങ്ങൾ കാറ്റത്ത് പഞ്ഞിയെന്നത് പോലെ അതിവേഗം പറന്ന് പ്രചരിച്ചു.

ഇപ്പോഴോ? ആവരെക്കുറിച്ച് സ്വന്തം മനോനിലയനുസരിച്ച് കഥയുണ്ടാക്കി ആ സ്ത്രീക്ക് തലക്കുറി നിശ്ചയിച്ചവർ എവിടെപ്പോയി? അടുത്ത സ്ത്രീയെ തേടി ഇറങ്ങിയിരിക്കും..

ആൾക്കൂട്ട മനോരോഗങ്ങൾക്ക് ചികിത്സയില്ല. പക്ഷേ, പോലീസ് നടപടികൾക്ക് കുറച്ചുകൂടി മാന്യതയും അന്തസ്സുമുണ്ടാകണം.

പിന്നെ ഏതു മനുഷ്യനെയും വിശ്വസിക്കുന്നതിലും സുരക്ഷിതം അവിശ്വസിക്കുന്നതാണെന്ന ഒരു പാഠം ഇനിയെങ്കിലും നമ്മുടെ പെൺകുട്ടികളും സ്ത്രീകളും പഠിച്ചിരിക്കണം. അവിശ്വാസം ഇത്ര വലിയ അപകടങ്ങളുണ്ടാക്കാറില്ല.

നിരപരാധികളായ ആളുകളെ സംശയിക്കണമെന്നും പിന്നാലെ വീഡിയോ എടുത്തു നടന്ന് ഉപദ്രവിക്കണമെന്നുമല്ല ഈ പറഞ്ഞതിനർഥം.

ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. വൈലോപ്പിള്ളി പറഞ്ഞതു പോലെ കസ്‌തൂരിമണം കൊണ്ടുവരുന്ന കാറ്റ് തന്നെയാണ് മസൂരി രോഗാണുക്കളെയും പരത്തുന്നത്.

അതിനാൽ, തങ്ങൾ പോകുന്ന സ്ഥലത്തിനടുത്തുള്ള സുരക്ഷിതമായ താമസസ്ഥലങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രം യാത്ര തുടങ്ങുക.

ഭക്തികൊണ്ടു മാത്രം ആർക്കും രക്ഷകിട്ടില്ല. ബുദ്ധിയും വകതിരിവും കൂടി വേണം.

സർക്കാർ സംവിധാനങ്ങളെ കുറിച്ചന്വേഷിച്ച് സ്ത്രീസൗഹാർദപരമായി തയ്യാറാക്കിയിട്ടുള്ള താമസസ്ഥലങ്ങൾ കണ്ടെത്തി മാത്രം യാത്രക്കൊരുങ്ങുക. സ്വർണമോ സ്വർണനിറമുള്ളതോ ആയ ആഭരണങ്ങൾ അണിയാതിരിക്കുക.

കണ്ണു വേണമിരുപുറമെപ്പോഴും

കണ്ണു വേണം മുകളിലും താഴെയും....അതും പോരാ ..... കണ്ണിനും കണ്ണായ ഉൾക്കണ്ണും തുറന്നിരിക്കണം .

എസ് ശാരദക്കുട്ടി.

logo
Metro Vaartha
www.metrovaartha.com