
ആശിർ നന്ദ, കുടുംബം
പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി ആത്മഹത‍്യ ചെയ്ത സംഭവത്തിൽ ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് സ്കൂളിലെ പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ‍്യാപകരെ മാനേജ്മെന്‍റ് പുറത്താക്കി.
സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തതെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ‍്യാർഥി, രാഷ്ട്രീയ സംഘടനകളും ബുധനാഴ്ച സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവിധേയരായ അധ‍്യാപകർക്കെതിരേയും പ്രിൻസിപ്പലിനെതിരേയും സ്കൂൾ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിന്‍റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് കുട്ടിയെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുന്നതായും ഇതെ തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ആശിർ നന്ദ ജീവനൊടുക്കിയതെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
അതേസമയം വിദ‍്യാർഥികൾക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ മാനേജ്മെന്‍റ് പറയുന്നത്.