

രാഷ്‌ട്രപതി സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച
കോട്ടയം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച. രാഷ്‌ട്രപതിയുടെ പാലാ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയ വഴിയിലൂടെ മൂന്നു പേരുമായെത്തിയ ബൈക്ക് കടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
പാലാ സെന്‍റ് തോമസ് കോളെജ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് രാഷ്‌ട്രപതി പാലായിലെത്തിയത്. രാഷ്‌ട്രപതി സംസാരിക്കുന്ന സമയത്തായിരുന്നു മൂന്നു പേരുമായെത്തിയ ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നത്. ബൈക്ക് നിരീക്ഷണത്തിൽ ആണെന്നും യുവാക്കളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ശബരിമല സന്ദർശനത്തിനിടെ രാഷ്‌ട്രപതി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്‍റെ ചക്രങ്ങൾ താത്കാലികമായി നിർമിച്ച ഹെലിപാഡിലെ കോൺക്രീറ്റിൽ ആണ്ടു പോയത് വിവാദമായി മാറിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.