

അജയൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഈയാഴ്ച അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഈ ഘട്ടത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾക്കും നോട്ടീസ് നൽകുമെന്നാണ് സൂചന. പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് നവംബർ 25ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇതിനകം നിർദേശം നൽകിക്കഴിഞ്ഞു. പ്രശ്നത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും മൗനം പാലിച്ചതാണ് വർഗീസിനു മേൽ സംശയിക്കപ്പെടുന്ന കുറ്റം. ഇതിനുപുറമേ, കേരള ബാങ്ക് വൈസ്-പ്രസിഡന്റ് എം.കെ. കണ്ണൻ, മുൻ മന്ത്രിയും ഇപ്പോഴും എംഎൽഎയുമായ എ.സി. മൊയ്തീൻ തുടങ്ങിയവരെയും ചോദ്യം ചെയ്യാൻ വിളിച്ചേക്കും. അങ്ങനെയുണ്ടായാൽ സിപിഎമ്മിനു മേൽ സമ്മർദം വർധിക്കുകയായിരിക്കും ഫലം.
ഈ കേസിൽ ആയിരക്കണക്കിനു പേജ് വരുന്ന ആദ്യ ഘട്ടം കുറ്റപത്രം ഇഡി സമർപ്പിച്ചുകഴിഞ്ഞു. വ്യക്തികളും കമ്പനികളുമായി 55 പ്രതികളെയും ചേർത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതി അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു.
നൂറു കോടി രൂപ മൂല്യം കണക്കാക്കുന്ന 120 ആസ്തികൾ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ഇഡി കുറ്റപത്രത്തിൽ തന്നെ വ്യക്തമാക്കുന്നത്. തുടർ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഏജൻസിയുടെ തീരുമാനം. അടുത്ത ഘട്ടം ചോദ്യം ചെയ്യലിനു ശേഷം രണ്ടാം ഘട്ടം കുറ്റപത്രവും പ്രതീക്ഷിക്കാം. ഈ ഘട്ടത്തിലാണ് കൂടുതൽ സിപിഎം നേതാക്കൾ കുടുങ്ങാൻ സാധ്യതയുള്ളത്.
തൃശൂരിലെ കരുവന്നൂർ അടക്കമുള്ള ബാങ്കുകൾ കൂടാതെ, പുൽപ്പള്ളി, കണ്ടല, മൈലപ്ര എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനങ്ങളിലേക്കും ഇഡിയുടെ കരങ്ങൾ നീണ്ടു കഴിഞ്ഞു. സഹകരണ മേഖലയിൽ അന്വേഷണം വ്യാപകമാക്കുന്നതിന്റെ സൂചനകളാണ് ഇതിൽനിന്നെല്ലാം ലഭിക്കുന്നത്. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള മേഖല എന്ന നിലയിൽ ഇത് പാർട്ടിയെ ആശങ്കയിലാക്കാനും സാധ്യത ഏറെയാണ്.
ഇതിനൊപ്പമാണ്, സഹകരണ സംഘങ്ങൾ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരേ റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ. ബാങ്കുകളായി കരുതപ്പെടുന്ന കേരളത്തിലെ 1600ൽപ്പരം സഹകരണ സ്ഥാപനങ്ങൾക്കു മേലാണ് ഈ സർക്കുലർ നിഴൽ പടർത്തുന്നത്.
കഴിഞ്ഞ വർഷം മാർച്ച് വരെ സഹകരണ ബാങ്കുകളുടെ 998 ശാഖകൾ 54,000 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഇതിൽ വെറും 14 ശതമാനമാണ് കാർഷിക മേഖലയ്ക്കു ലഭിച്ചത്. ഭൂമി വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും മറ്റുമുള്ളതായിരുന്ന ബാക്കി ഭൂരിഭാഗം വായ്പകളും. അതതു മേഖലകളിലെ കർഷകരെ സഹായിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് സഹകരണ പ്രസ്ഥാനം എന്നതു മറന്നുപോയിരിക്കുന്നു.
ഇത്തരം സൊസൈറ്റികൾക്ക് ബാങ്കിങ് റെഗുലേഷൻ ആക്റ്റ് പ്രകാരമുള്ള ബാങ്കിങ് ലൈസൻസ് ഇല്ലാത്തതിനാൽ ബാങ്കിങ് ബിസിനസിൽ ഏർപ്പെടാനാവില്ലെന്ന അറിയിപ്പ് മുൻപു തന്നെ വന്നിട്ടുള്ളതാണ്. ഇതിനെതിരേ സംസ്ഥാന സർക്കാരിന്റെ നിയമ പോരാട്ടം തുടരുന്നതിനിടെ വന്ന പുതിയ സർക്കുരൽ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ കൂടുതൽ ശക്തമാക്കുന്നു.
ഈ സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസിന്റെയും ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷന്റെയും പരിരക്ഷ ലഭിക്കില്ലെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.
ഇതും കോടതിയിൽ ചോദ്യം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, ആർബിഐ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് അനുകൂലമായ കോടതി വിധി പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് പല നിയമവിദഗ്ധരും പറയുന്നത്.