തെരഞ്ഞെടുപ്പിനിടെ മരിച്ചത് 9 പേർ; യുവാവടക്കം 7 പേർ മരിച്ചത് കുഴഞ്ഞു വീണ്

election picture
election picture

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് സഭാ പോളിങ്ങിനിടെ മരിച്ചത് 9 പേർ. വോട്ടുചെയ്യാൻ പോയ വൃദ്ധൻ വാഹനാപകടത്തിൽ മരിച്ചതു കൂടാതെ യുവാവും വൃദ്ധയും അടക്കം മറ്റ് ഏഴുപേർ കുഴഞ്ഞുവീണ് മരിച്ചു. ബിമേഷ്(42), മാമി (63), കണ്ടൻ (73), കെ.എം. അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദിഖ് (63), സോമരാജൻ(82), സെയ്ദ് ഹാജി (75), എസ്. ശബരി(32) എന്നിവരാണ് വോട്ടെടുപ്പിനിടെ മരിച്ചത്.

മലപ്പുറത്ത് പരപ്പനങ്ങാ‌ടിയിൽ ബൈക്കിൽ പോയ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജിവാഹനാപകടത്തിൽ മരിച്ചു. ബിഎം സ്കൂളിന് സമീപത്തുവച്ച് ലോറി തട്ടി ബൈക്കിൽ നിന്ന് വീഴുകയായിരുന്നു സൈദു ഹാജി.

പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ട് ചെയ്തശേഷം വീട്ടിലേക്കു പോകുകയായിരുന്ന വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്‍റെ മകൻ എസ്. ശബരി (32) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ടു ചെയ്ത് മടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. അമ്മ മല്ലിക. സഹോദരങ്ങൾ: ഷൈജ, ഷീജ, ഷീബ.

കോഴിക്കോട് നാദാപുരത്താണ് വോട്ടു ചെയ്യാനെത്തിയ വളയം ചെറുമോത് കുന്നുമ്മൽ മാമി(63) വളയം യുപി സ്കൂളിലെ ബൂത്തിൽ വരിയിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

പാലക്കാട് വിളയോടിയിൽ വോട്ടു ചെയ്തശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്നതിനിടെ കുഴഞ്ഞു വീണ വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തുവിന്‍റെ മകൻ കണ്ടനെ ചിറ്റൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിളയോടി നല്ല മാടൻചള്ള എസ്എൻ യുപി സ്കൂളിലെ 155-ാം ബൂത്തിലെ വോട്ടറായിരുന്നു. ഭാര്യ ദൈവാനി. മക്കൾ: ബാബു (കണ്ണൻ), മുരളീധരൻ, ശാന്തി. മരുമക്കൾ: കൃഷ്ണവേണി, സുബ്രഹ്മണ്യൻ.

കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം. അനീസ് അഹമ്മദിനെ കുഴഞ്ഞുവീണ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ് വിതരണം ചെയ്തിരുന്ന സിപിഎമ്മിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു ഇയാൾ. ഭാര്യ അടക്കാനി വീട്ടിൽ സെറീന ബീവി. മക്കൾ: ഫായിസ് അഹമ്മദ്, ഫളിലു അഹമ്മദ്, ആഖിൽ അഹമ്മദ്, ബിലാൽ അഹമ്മദ്. മരുമക്കൾ:തോപ്പിൽ അനൂന, പുതിയ വീട്ടിൽ ഡോ. ഫാത്തിമ ഫെലി.

ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ടു ചെയ്യാനെത്തിയ വിലാസിനി മോഡൻകാട്ടിൽ ചന്ദ്രനെ കുഴഞ്ഞു വീണ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരൂരിൽ ക്യൂവിലെ ആദ്യ വോട്ടറായി നിന്ന് വോട്ടുചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ മദ്രസ അധ്യാപകൻ ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ദിഖ് (63) ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.

കാക്കാഴം വെളിപറമ്പ് സോമരാജൻ ആലപ്പുഴ കാക്കാഴം എസ്എൻവി ടിടിഐ സ്കൂളിൽ വോട്ടു ചെയ്തശേഷം പുറത്തിറങ്ങിയപ്പോഴും മറയൂർ കൊച്ചാരം സ്വദേശി വള്ളി മോഹനൻ ഇടുക്കിയിൽ വോട്ട് ചെയ്തശേഷം നടന്നുപോകുന്നതിനിടെയുമാണ് കുഴഞ്ഞു വീണു മരണപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com