

ജാതി അധിക്ഷേപത്തിൽ നടപടി വേണം; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരേ എസ്എഫ്ഐ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ടെന്ന ഗവേഷക വിദ‍്യാർഥിയുടെ ആരോപണത്തിൽ സംസ്കൃതം വകുപ്പ് മേധാവിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ.
മതനിരപേക്ഷ ജനാധിപത‍്യ സമൂഹത്തിന് തികച്ചും അപമാനകരമാണിതെന്നും ഭരണഘടനാ മൂല‍്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസ് നോമിനിയായ ഡീൻ വിദ‍്യാർഥിയോട് ജാതി വിവേചനം നടത്തിയതെന്നും എസ്എഫ്ഐ ആരോപിച്ചു. മനുവാദത്തിൽ അധിഷ്ഠിതമായ സവർണ ജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആർഎസ്എസ് നീക്കത്തെ അതിശക്തമായി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.
കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷക വിദ‍്യാർഥിയായ വിപിൻ വിജയനാണ് ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരേ പൊലീസിൽ പരാതി നൽകിയത്. നിരന്തരം ജാതി വിവേചനം നേരിട്ടെന്നും പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പറഞ്ഞെന്നുമാണ് വിപിൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. നേരത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു വ‍്യക്തമാക്കിയിരുന്നു.