
പരുക്കേറ്റ ഷാഫി പറമ്പിൽ എംഎൽഎ
കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് ലാത്തിചാർജിൽ എംഎൽഎ ഷാഫി പറമ്പിലിന് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. ഇതിവിടെ തീരില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. ഇതു ഞങ്ങളുടെ മനസിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്‍റെയും പൊലീസിന്‍റെയും മുഖമാണെന്നും ടി. സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. ശനിയാഴ്ച കോഴിക്കോട് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും. കൂടാതെ ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ് യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിഷേധ റാലി നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി.
എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. കണ്ണീർവാതകവും പ്രയോഗിച്ചു.
പൊലീസ് ലാത്തിച്ചാർജിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രമോദിന് പരുക്കേറ്റിരുന്നു.