
പി.ബി ബിച്ചു
തിരുവനന്തപുരം: ഹൈക്കമാൻഡ് നേരിട്ട് വിളിച്ച് ചർച്ച നടത്തിയിട്ടും നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച് എഴുതിയ ലേഖനം കേന്ദ്രത്തിന്‍റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് എഴുതിയതെന്നും വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്‍റെ നിലപാടുകൾ തിരുത്താൻ തയാറാണെന്നുമാണ് തരൂർ പറയുന്നത്.
താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്‍റേത് അല്ലല്ലോ? വേറെ സ്രോതസിൽനിന്ന് വേറെ വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ , രേഖകൾ സംസ്ഥാന സർക്കാർ നൽകിയതാണെന്നും അല്ലാതെ ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നുമാണ് വിഷയത്തിൽ പ്രതികരിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. പാർട്ടിയിൽ തരൂർ വിവാദം അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശമെത്തിയതിന് പിന്നാലെ കേരളത്തിലെ നേതാക്കൾ നിലപാട് മയപ്പെടുത്തി. വലിയ ദ്രോഹമൊന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും പറഞ്ഞതിനെ ചിലർ വ്യാഖ്യാനിച്ച് വലുതാക്കിയെന്നുമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍റെ നിലപാട്. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്‍റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ല. ചില അർഥ സത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന നടത്തിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംവിധം ലേഖനമെഴുതിയ തരൂരിനുനേരേ സംസ്ഥാനത്ത് വലിയപ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് സംസ്ഥാനനേതൃത്വം ഉൾപ്പടെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ലേഖനത്തെ തള്ളിപ്പറയുകയും ഹൈക്കമാൻഡിൽ പരാതി അറിയിക്കുകയും ചെയ്തതോടെയാണ് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം എഐസിസി നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തിയത്.
വിഷയത്തിൽ പരസ്യപ്രസ്താവനകളുണ്ടാകില്ലെന്നും സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും തരൂർ രാഹുൽ ഗാന്ധിക്ക് ഉറപ്പ് കൊടുത്തെങ്കിലും തന്‍റെ നിലപാടുകളെ ഖണ്ഡിക്കുന്ന രേഖകൾ നൽകിയാൽ ലേഖനത്തിലെ പരമാർശങ്ങൾ തിരുത്താമെന്നാണ് തരൂരിന്‍റെ തീരുമാനം. അതിനിടെ തലസ്ഥാനത്ത് നടക്കുന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവെല്ലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. മാർച്ച് 1,2 തിയതികളിൽ തിരുവനന്തപുരത്താണ് പരിപാടി. എന്നാൽ, ഇതേദിവസം യൂത്ത് കോൺഗ്രസിന്‍റെയടക്കം പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയ തരൂർ പരിപാടിക്ക് ആശംസകളും നേർന്നു.കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ സാഹര്യത്തില്‍ തരൂരിനെ ക്ഷണിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെപ്പറ്റി സത്യസന്ധമായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ആൾ എന്ന നിലയിലാണ് തരൂരിന് ക്ഷണിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.പറഞ്ഞു. പരിപാടികൾക്ക് നേരത്തെയും കോൺഗ്രസ് നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.