

പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം പാളിയെന്ന് കണ്ടെത്തൽ.
Representative image
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എസ്എച്ച്ഒ സംവിധാനം 63 പൊലീസ് സ്റ്റേഷനുകളില്‍ മാത്രം മതിയെന്ന് ഡിജിപി രവത ചന്ദ്രശേഖർ സർക്കാരിനു റിപ്പോര്‍ട്ട് നൽകി. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാനാണ് റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനു പകരം 210 സര്‍ക്കിളുകൾ രൂപീകരിക്കും. 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
പിണറായി വിജയൻ സര്‍ക്കാരിന്‍റെ കാലത്താണ് സ്റ്റേഷന്‍ ഹൗസ് ഓഫിസർമാരെ (എസ്എച്ച്ഒ) ഇന്‍സ്‌പെക്റ്റര്‍മാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.
ഈ സംവിധാനം പാളിയെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാൻ അധികാരം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ഡിജിപിയും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പുതിയതായി രൂപീകരിക്കുന്ന ചില സര്‍ക്കിളുകളില്‍ മൂന്ന് സ്റ്റേഷന്‍ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം. പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്റ്റർ എന്ന നിലയില്‍ മാറും.
ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാണിത്.