

വീണാ ജോർജ്
കണ്ണൂർ: മുൻ മന്ത്രിയും സിപിഎം നേതാവുമായ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളെജ് ഡോക്റ്റർമാരുടെ മൊഴി രേഖപ്പെടുത്തി. പുറത്ത് കാണത്തക്ക രീതിയിലുള്ള പരുക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്റ്റർമാർ മൊഴി നൽകിയതായാണ് വിവരം.
കഴുത്തിൽ നീർക്കെട്ട് ഉണ്ടായതുകൊണ്ടാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ഡോക്റ്റർമാർ പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ രേഖകൾ എസ്ഐടി ആശുപത്രിയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.
അതേസമയം, വീണാ ജോർജിന്‍റെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരേ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ തന്നെ ഡിജിപിക്ക് കൈമാറിയേക്കും. ഗൺമാന്‍റെ മൊഴി പ്രകാരമായിരുന്നു കെഎസ്‌യു പ്രവർത്തകർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണസംഘം കേസെടുത്തത്.
പിന്നീട് പ്രതിഷേധക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞിട്ടാണ് നൽകിയതെന്ന് അഭിലാഷ് എസ്ഐടിയോട് പറഞ്ഞിരുന്നു. ആയുധം ഉപയോഗിച്ച് പ്രതികൾ വീണയെ വധിക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക‍്യൂഷൻ വാദം.