സുരേഷ് ഗോപിയെ 'അനുഗ്രഹിച്ചാൽ' കലാമണ്ഡലം ഗോപിക്ക് പദ്മഭൂഷൺ വാഗ്ദാനം; 'ആ ഗോപിയല്ല ഈ ഗോപി' എന്നു മറുപടി

കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയാണ് സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ വിശദമാക്കിയത്. വ്യാപകമായി പ്രചരിച്ചതോടെ രഘു പോസ്റ്റ് നീക്കം ചെയ്തു.
കലാമണ്ഡലം ഗോപി, സുരേഷ് ഗോപി
കലാമണ്ഡലം ഗോപി, സുരേഷ് ഗോപി

തൃശൂർ: ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി കലാമണ്ഡലം ഗോപിയെ പലരും സ്വാധീനിക്കാൻ ശ്രമിച്ചതായി മകൻ രഘു ഗുരുകൃപ. ഫെയ്സ്ബുക്കിലൂടെയാണ് രഘു ആരോപണം ഉന്നയിച്ചത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

സുരേഷ് ഗോപി അനുഗ്രഹം വാങ്ങാനായി വീട്ടിലേക്ക് എത്തുമെന്ന് പ്രമുഖ ഡോക്റ്ററാണ് കലാമണ്ഡലം ഗോപിയെ വിളിച്ചു പറഞ്ഞതെന്നും താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പദ്മഭൂഷണൊന്നും വേണ്ടേയെന്ന് ചോദിച്ചുവെന്നുമാണ് രഘു കുറിച്ചിരിക്കുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമന്നും രഘു കുറിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ പോസ്റ്റ് രഘു നീക്കം ചെയ്തു. ഇന്നലെ ഞാൻ ഇട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു . സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്..... ഈ ചർച്ച അവസാനിപ്പിക്കാം എന്നൊരു കുറിപ്പും രഘു പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

രഘു ഗുരുകൃപയുടെ പോസ്റ്റ്
രഘു ഗുരുകൃപയുടെ പോസ്റ്റ്

രഘു ഗുരുകൃപയുടെ പോസ്റ്റ് വായിക്കാം:

സുരേഷ് ഗോപിക്കു വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്നു മാത്രം മനസ്സിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. ( പ്രശസ്തനായ ഒരു ഡോക്റ്റർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ട് വരുന്നുണ്ട് സുരേഷ് ഗോപി‍യെ അനുഗ്രഹിക്കണം എന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്റ്റർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനേ സഹായിക്കാനുണ്ടായിരുന്നുള്ളൂന്ന്.. ഞാൻ പറഞ്ഞു അതു മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്ന്.. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്റ്റർ ആശാന് പത്മഭൂഷൺ കിട്ടണ്ടേന്ന്.. അച്ഛൻ അങ്ങനെ എനിക്ക് കിട്ടേണ്ടന്ന്.) ഇനിയും ആരും ബിജെപിക്കും കോൺഗ്രസിനു വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കണ്ട. ഇതൊരു അപേക്ഷയായി കൂട്ടിയാൽ മതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com