E.P. Jayarajan
E.P. Jayarajan

വോട്ടെടുപ്പു ദിനം വിവാദ താരമായി ഇ.പി. ജയരാജൻ

വിവാദം ഇനിയുള്ള ദിവസങ്ങളിലും കത്തിപ്പടരാനാണ് സാധ്യത.

എം.ബി. സന്തോഷ്

തിരുവനന്തപുരം: വോട്ടെടുപ്പിനിടെ ഇന്നലെ സംസ്ഥാന രാഷ്‌ട്രീയത്തിൽ വിവാദ താരമായി നിറഞ്ഞുനിന്നത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബിജെപിയിലേക്കു പോകാൻ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി അദ്ദേഹം ചർച്ച നടത്തിയെന്ന കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും ബിജെപിയുടെ ആലപ്പുഴ സ്ഥാനാർഥി കൂടിയായ ശോഭ സുരേന്ദ്രന്‍റെയും വെളിപ്പെടുത്തലുകളാണ് മുതിർന്ന സിപിഎം നേതാവിനെ വാർത്താ കേന്ദ്രമാക്കിയത്. ആ വിവാദം ഇനിയുള്ള ദിവസങ്ങളിലും കത്തിപ്പടരാനാണ് സാധ്യത.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ ഡിവൈഎഫ്ഐയുടെ ആദ്യ ദേശീയ പ്രസിഡന്‍റായിരുന്നു. അതിനുശേഷം സിപിഎം കണ്ണൂർ, തൃശൂർ ജില്ലകളുടെ സെക്രട്ടറിയായി. ദേശാഭിമാനി ജനറൽ മാനെജരായിരുന്നപ്പോഴാണ് വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കുരിശുയുദ്ധം പ്രഖ്യാപിച്ച ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനിൽനിന്ന് കുപ്രസിദ്ധമായ "ബോണ്ട് ' വാങ്ങലുണ്ടായത്. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഇ.പി പങ്കെടുത്തിരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സിപിഎമ്മിൽ തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദനെ മന്ത്രിസ്ഥാനം രാജിവയ്പിച്ച് സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാക്കി ഇരട്ടി സ്ഥാനക്കയറ്റം നൽകിയതിൽ ജയരാജന് അതൃപ്തിയുണ്ടായിരുന്നു. എം.വി. ഗോവിന്ദൻ നയിച്ച സംസ്ഥാന യാത്രയിൽ നിന്ന് വിട്ടുനിന്ന ആ അതൃപ്ത കാലത്താണ് ബിജെപിയുമായി ജയരാജൻ ചർച്ച നടത്തിയതെന്നാണ് ആക്ഷേപം. അതിനുശേഷം ഒരു കൊല്ലത്തിലേറെ കഴിഞ്ഞാണ് ഈ തെരഞ്ഞെടുപ്പ് ദിനത്തിൽ വിവാദം കത്തിപ്പടർന്നത്. വോട്ടെടുപ്പു ദിവസം തന്നെ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയ ഇ.പിക്കെതിരേ നടപടിയുണ്ടാവുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് മകന്‍റെ ഫ്ലാറ്റിലേക്ക് വന്ന് ജാവദേക്കർ തന്നെ കണ്ടെന്നാണ് ഇ.പി ഇന്നലെ വിശദീകരിച്ചത്. "ഞാൻ അങ്ങോട്ട് പോയതല്ല. ഇത് വഴി പോയപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ കയറിയതാണെന്നാണ് പറഞ്ഞത്. രാഷ്‌ട്രീയം പറയാൻ ശ്രമിച്ചപ്പോൾ അത്തരം കാര്യം ചർച്ച ചെയ്യാൻ താൽപര്യല്ലെന്ന് മറുപടി നൽകി. അതോടെ പോവുകയും ചെയ്തു. ബിജെപി- കോൺഗ്രസ്‌ ബന്ധത്തിന്‍റെ ഭാഗമാണ്‌ ഈ ആരോപണം'- അദ്ദേഹം പറഞ്ഞു.

""കണ്ണില്‍ക്കണ്ട എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്നത് ശരിയല്ലെന്ന്'' മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതോടെ വിവാദത്തിന് എരിവേറി. "പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും' എന്ന ചൊല്ല് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചതോടെ ചർച്ച കടുത്തു.

"ഇ.പി. ജയരാജന്‍റെ വീട്ടിലേക്ക് ജാവദേക്കര്‍ എന്തിനാണ് പോയത്? പിടിക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ശിവന്‍റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നാണ് പറയുന്നത്. യഥാര്‍ഥ ശിവനാണെങ്കില്‍ പാപി കത്തിയെരിഞ്ഞ് പോകും'- മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തിക്കയറി.

ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്‍റെ മകന്‍റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പരിഹാസം. ജാവദേക്കറുമായി രാഷ്‌ട്രീയം സംസാരിച്ചില്ലെന്ന് ജയരാജൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ, "പിന്നെ രാമകഥയാണോ സംസാരിച്ചത്' എന്നായിരുന്നു സുധാകരന്‍റെ മറുചോദ്യം.

ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി ഇടതു മുന്നണി കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വരുന്ന വഴിക്ക് താനും ജാവദേക്കറിനെ കണ്ടിരുന്നുവെന്നും, പിന്നീടാണ് അതു ജാവദേക്കറാണെന്ന് മനസിലായതെന്നും പറഞ്ഞ് വിഷയത്തെ ലഘൂകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇ.പിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമാണെന്ന് വിലയിരുത്തി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com