ഇറങ്ങിക്കളിച്ച് ഇഡി, രാഷ്‌ട്രീയ കേരളം ചടുലം

കേരളത്തിൽ ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ഇത് ബിജെപി- സിപിഎം അവിശുദ്ധ ബന്ധത്തിന്‍റെ ഫലമാണെന്നുമാണ് കോൺഗ്രസിന്‍റെ കുറ്റപ്പെടുത്തൽ
ഇറങ്ങിക്കളിച്ച് ഇഡി, രാഷ്‌ട്രീയ കേരളം ചടുലം

എം.ബി. സന്തോഷ്

തിരുവനന്തപുരം: നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ച ദിനം തന്നെ ഇറങ്ങിക്കളിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) തയ്യാറായതോടെ കേരള രാഷ്‌ട്രീയം കൂടുതൽ ചടുലമായി. ഇഡിയുടെ പുതിയ രംഗപ്രവേശത്തെ ബിജെപിക്കുവേണ്ടി കൂലിപ്പണിയെടുക്കുന്ന ഗുണ്ടാപ്പിരിവുകാരെന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാട്ടുന്ന ആവേശമൊന്നും കേരളത്തിലെത്തുമ്പോൾ ഇഡിക്കില്ലെന്ന് പരാതിപ്പെടുന്ന യുഡിഎഫിനാകട്ടെ ഇപ്പോഴത്തേത് ഇലക്ഷൻ സ്റ്റണ്ടെന്നാണ് ആക്ഷേപം. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയെ അരവിന്ദ് കെജ്‌രിവാളിനെപ്പോലെ ജയിലിൽ പോയി കാണേണ്ടിവരുമോ എന്നതടക്കമുള്ള ചോദ്യമുയർത്തി ബിജെപിയും ഇഡി വരവിൽ ആഹ്ളാദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ 12 കമ്പനികളിലെ ഇടപാടുകൾ പരിശോധിക്കാനാണ് ഇഡി പ്രാഥമികാന്വേഷണം തുടങ്ങിയത്. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ 8 മാസം നൽകിയ കേന്ദ്ര ഏജൻസി രണ്ടുമാസം കൊണ്ട് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മസാല ബോണ്ട് കേസിൽ ഏപ്രിൽ 2ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ഡോ. ടി.എം തോമസിനും ഇഡി കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകി.

കേരളത്തിനു പുറത്ത് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന അഭിപ്രായമാണ് കോൺഗ്രസിനും ഇടതുകക്ഷികൾക്കും. എന്നാൽ, കേരളത്തിൽ ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ഇത് ബിജെപി- സിപിഎം അവിശുദ്ധ ബന്ധത്തിന്‍റെ ഫലമാണെന്നുമാണ് കോൺഗ്രസിന്‍റെ കുറ്റപ്പെടുത്തൽ. ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിനെതിരെയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണത്തിൽ ശ്രദ്ധേയമായത് അതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധമായിരുന്നു.

സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷന്‍, കരുവന്നൂര്‍ തുടങ്ങി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്കെതിരായ കേസ് ഉൾപ്പെടെ ആരോപണങ്ങളും അന്വേഷണങ്ങളും ഒരുപാടുണ്ട്. സുപ്രീം കോടതി ലാവലിൻ കേസ് 38ാം തവണയും മാറ്റിവച്ചത് ബിജെപി കേന്ദ്ര നേതൃത്വവുമായി മുഖ്യമന്ത്രിയ്ക്കുള്ള ബന്ധത്തിന്‍റെ ഫലമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ലാവലിൻ കേസ് അന്തിമ വാദത്തിനായി മേയ് ഒന്നിനു പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജൻസികൾ കളം നിറഞ്ഞ കേസുകളെല്ലാം ഇപ്പോൾ ആവിയായ പോലെയാണ്. ഇഡി പ്രതീക്ഷിച്ച മൊഴിയും തെളിവും കിട്ടാത്തതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളരിലേക്ക് അന്വേഷണം നീണ്ടതുമില്ല. തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രിയെയോ മകളെയോ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുമോ എന്നാണ് ആകാംക്ഷ. അങ്ങനെയാണെങ്കിൽ കേരളത്തിന് ഇതുവരെ പരിചയമില്ലാത്ത നാടകീയ നീക്കങ്ങൾക്കാവും സംസ്ഥാന രാഷ്‌ട്രീയം സാക്ഷ്യം വഹിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com