ശ്രീലേഖയെ വരുതിയിലാക്കി ബിജെപി; വാട്സാപ്പ് ഗ്രൂപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

കോർപറേഷനിലെ കൗൺസിലർമാരുടെ ഗ്രൂപ്പിലാണ് ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്
sreelekha deleted resignation message from whatsapp

ആർ. ശ്രീലേഖ

Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ആർ. ശ്രീലേഖ രാജി പ്രഖ്യാപിച്ചത്. പാർട്ടി ഇടപെടലിനു പിന്നാലെ രാജിയിൽ നിന്ന് ശ്രീലേഖ പിന്മാറിയിരുന്നു. ഇപ്പോൾ കൗൺസിലർ സ്ഥാനം രാജിവച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം പിൻവലിച്ചിരിക്കുകയാണ് ശ്രീലേഖ. നേതാക്കൾ നടത്തിയ അനുനയ ശ്രമത്തിനൊടുവിലാണ് ശ്രീലേഖ രാജിയിൽനിന്ന് പിൻവാങ്ങിയത്.

ശനിയാഴ്ച രാവിലെ കോർപറേഷനിലെ കൗൺസിലർമാരുടെ ഗ്രൂപ്പിലാണ് ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. ‘പ്രിയപ്പെട്ടവരേ.. ഞാൻ 30.09.2026ൽ മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യകാരണങ്ങൾ കൊണ്ട് രാജിവയ്ക്കുന്നതായി അറിയിച്ച് കത്തുനൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കലക്ടർക്കു തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്കു നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’- എന്നായിരുന്നു സന്ദേശം. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ അനുനയം നടത്തിയത്.

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായതിനാൽ പ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ഠയും ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമങ്ങൾ ശ്രീലേഖ രാജിവച്ചെന്ന തരത്തിൽ വലിച്ചൊടിച്ചെന്നും അത് ശരിയല്ലെന്നുമാണ് കുറിപ്പിലൂടെ സുരേഷ് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com