

വി.കെ. പ്രശാന്ത്, ആർ.ശ്രീലേഖ
തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫിസിനെച്ചൊല്ലിയുള്ള കലഹത്തിനിടെ കൂടിക്കാഴ്ച നടത്തി എംഎൽഎ വി.കെ. പ്രശാന്തും കൗൺസിലർ ആർ. ശ്രീലേഖയും. ഞായറാഴ്ച 11 മണിയോടെ ശ്രീലേഖ എംഎൽഎ ഓഫിസിലെത്തി പ്രശാന്തുമായി സംസാരിച്ചു. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും പ്രശാന്ത് സഹോദരതുല്യനാണെന്നും തന്‍റെ ഓഫിസിന് പ്രവർത്തിക്കാൻ സൗകര്യം വേണമെന്ന് അഭ്യർഥിച്ചിട്ടേ ഉള്ളൂവെന്നും മാധ്യമങ്ങളോട് ശ്രീലേഖ വ്യക്തമാക്കി. പരസ്പരം ഹസ്തദാനം ചെയ്തതിനു ശേഷമാണ് ഇരുവരും മടങ്ങിയത്.
എന്നാൽ വാടക കാലാവധി കഴിയും വരെ ഓഫിസിൽ തുടരുമെന്ന് പ്രശാന്ത് വ്യക്തമാക്കി. കഴിഞ്ഞ ഏഴു വർഷമായി കൗൺസിലർമാരും എംഎൽഎയും ഒരുമിച്ചാണ് ഓഫിസിൽ പ്രവർത്തിച്ചിരുന്നതെന്ന്. ശ്രീലേഖയുടേത് ശരിയായ രീതിയല്ല. മേയറാകാൻ പറ്റാഞ്ഞതിന്‍റെ വിഷമമാണ് തീർക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. ശ്രീലേഖ പൊലീസ് ഉദ്യോഗസ്ഥ ആയിരുന്നതൊക്കെ കഴിഞ്ഞല്ലോ.
ഒഴിപ്പിക്കാനുള്ള അധികാരമില്ലെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. അവർക്ക് അധികാരം കിട്ടിയെന്ന് പറഞ്ഞ് നാളെ മുതൽ ഇവിടെ ആരും ശബ്ദിക്കേണ്ട എന്ന നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.