തിരുവനന്തപുരം: അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴി മുതല്‍ തെക്കു കിഴക്കന്‍ അറബിക്കടല്‍ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദപ്പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. മലയോര മേഖലകളിലും തീരദേശ മേഖലയിലും ജാഗ്രത തുടരണം. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.