അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; പേവിഷബാധയേറ്റ് മരിച്ചത് 122 പേർ

2021 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിൽ 15,02,737 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്
stray dog attack in kerala

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; പേവിഷബാധയേറ്റ് മരിച്ചത് 122 പേർ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായ അവസ്ഥയിൽ. കഴിഞ്ഞ അഞ്ച് വർഷത്തിൽ 15 ലക്ഷം പേർക്കാണ് കടിയേറ്റത്. ഈ കാലയളവില്‍ പേവിഷബാധയേറ്റ് 122 പേര്‍ക്ക് ജീവന്‍ നഷ്ടമായത് സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു.

2021 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിൽ 15,02,737 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഓരോ വർഷവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

2021ല്‍ 2,21,379 പേര്‍ക്കാണു സംസ്ഥാനത്ത് കടിയേറ്റത്. 2025ല്‍ എത്തിയപ്പോൾ ഇത് 3,69,272 ആയി. സമാനമായി 2021ല്‍ 11 ആയിരുന്ന മരണസംഖ്യ 2025ല്‍ 33 ആയിട്ടാണ് വര്‍ധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് - 58108. റിട്ട. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 43 പേര്‍ക്കു മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്. നിലവില്‍ തെരുവുനായ ആക്രമണത്തിനു നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ചെയര്‍പഴ്സന്‍ ആയ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com