
മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശേരിയിലെ വിദ്യാർഥി സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് ഷഹബാസ് (15) മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന ഷഹബാസ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ട്യൂഷൻ സെന്‍ററിലെ യാത്രയയപ്പ് ചടങ്ങിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ മറ്റു വിദ്യാർഥികൾ കൂവിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അതിന്‍റെ ബാക്കിയെന്നോണം വ്യാഴാഴ്ച ടൗണിൽ വച്ചും വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടി.
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു വിദ്യാർഥികളെ കൂടി വിളിച്ചു വരുത്തിയാണ് തല്ലുണ്ടാക്കിയത്. മരണപ്പെട്ട ഷഹബാസ് ട്യൂഷൻ സെന്‍ററിലെ വിദ്യാർഥിയല്ല. മറ്റൊരു കുട്ടിയാണ് ഷഹബാസിനെ വിളിച്ചു കൊണ്ടു പോയതെന്നാണ് പിതാവിന്‍റെ മൊഴി.കേസിൽ പത്താം ക്ലാസ് വിദ്യാർഥികളായ 5 പേരെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നു.