

റോജി എം. ജോൺ
കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിന്‍റെയും സർവകലാശാലയുടെയും നിലപാടെന്നും അതിന് ഇനിയും സാധ്യതകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താൻ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. പല തെറ്റുകളും സംഭവിക്കാം. പക്ഷേ അതു തിരുത്തേണ്ടത് സംഘടനയാണ്.
സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാംപസിൽ കയറി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മഹാരാജാസിൽ തനിക്കെതിരേ പ്രതിഷേധിച്ചത് ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കളാണെന്നും മന്ത്രി ആരോപിച്ചു.