

"കെ.ടി. ജലീൽ അപമാനിച്ചിട്ടില്ല, അധ്യാപകർ പറയുന്നത് പോലെയാണ് തോന്നിയത്": പ്രതികരണവുമായി വിദ്യാർഥികൾ
പാലക്കാട്: മുൻ വിദ്യാഭ്യാസ മന്ത്രി അനുമോദന വേദിയിൽ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച് ചെവിയിൽ നുള്ളിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യാർഥികൾ. കെ.ടി. ജലീലിന്‍റെ പെരുമാറ്റം അപമാനമായി തോന്നിയില്ലെന്നാണ് കുട്ടികൾ പറഞ്ഞത്. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെയാണ് തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു.
ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകർ ചെയ്യുന്നത് പോലെ വെറുതെ ചെവിക്ക് പിടിച്ചതാണ്. തെറ്റു തിരുത്തിത്തന്നു. മറ്റു പ്രശ്നങ്ങളില്ലെന്നും കുട്ടികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി കെ.ടി. ജലീൽ ചെവിയിൽ പിടിക്കുകയായിരുന്നു.
കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ കെടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെവി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.