വിദ്യാർഥികൾ ആരോഗ്യത്തിൻ്റെ അംബാസഡര്‍മാരാകണം: മന്ത്രി വീണാജോര്‍ജ്

ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തും
വിദ്യാർഥികൾ ആരോഗ്യത്തിൻ്റെ അംബാസഡര്‍മാരാകണം: മന്ത്രി വീണാജോര്‍ജ്

പത്തനംതിട്ട : വിദ്യാർഥികൾ ആരോഗ്യത്തിൻ്റെ അംബാസഡര്‍മാരാകണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കടമ്മനിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിൻ്റെ സമര്‍പ്പണവും ജില്ലാതലപ്രവേശനോത്സവം ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പുമായി കൈകോര്‍ത്ത് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഇതിലൂടെ ഉറപ്പാക്കും. ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തും.  

കേരളം മുഴുവന്‍ പ്രവേശനോത്സവദിനത്തില്‍ ഉത്സവപ്രതീതിയാണ്. വിദ്യാർഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയെന്ന വലിയ ആവശ്യമാണ് സർക്കാർ സാക്ഷാത്ക്കരിച്ചത്. ഇതിനായി മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൻ്റെയും ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടേയും മികച്ച ഇടപെടലുകള്‍ ഉണ്ടായി. കടമ്മനിട്ടയിൽ അടിസ്ഥാന സൗകര്യമേഖലയില്‍ വികസനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രി നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയില്‍ ഇനിയും സ്മാര്‍ട്ട്ക്ലാസ് റൂമുകള്‍ നിര്‍മിക്കാനുള്ള സ്‌കൂളുകളിലും അത് വേഗത്തില്‍ പൂര്‍ത്തിയാക്കും.

പുതുതായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ജീവിതകാലയളവില്‍ നന്നായി ചിന്തിക്കാനും, പഠിക്കാനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുവാനും വിദ്യാലയത്തിലെ അന്തരീക്ഷം അവസരമൊരുക്കണം. അതിനായി രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കാളികളാകണമെന്നും ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും അവര്‍ക്ക് വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നും തിരിച്ചറിഞ്ഞ് പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, വൈസ്പ്രസിഡന്‍റ് പ്രകാശ് കുമാര്‍ തടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. ഏബ്രഹാം, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബിദാ ബായി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീലാകുമാരിയമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com