സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്‍? ബ്രൂണെയിലെന്ന് വാർത്ത, അന്വേഷിക്കാൻ പൊലീസ്

മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപേരിൽ സുകുമാരക്കുറുപ്പ് താമസിക്കുന്നുണ്ടെന്നാണ് വാർത്തകൾ
sukumara kurup alive in brunei, police to investigate

സുകുമാരക്കുറുപ്പ്

Updated on

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്ന് വാർത്തകൾ. ബ്രൂണെയിൽ കള്ളപ്പേരിൽ താമസിക്കുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ അലി അക്ബറാണ് അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാൽ കേരള പൊലീസ് വാർത്ത സ്ഥിരീകരിച്ചിട്ടില്ല. സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

സുകുമാരക്കുറിപ്പിനായുള്ള 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപേരിൽ സുകുമാരക്കുറുപ്പ് താമസിക്കുന്നുണ്ടെന്നാണ് വാർത്തകൾ വന്നത്. കുറിപ്പ് താമസിക്കുന്ന വീടിനെക്കുറിച്ചും പോകുന്ന ഹോട്ടലിനെക്കുറിച്ചും വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അലി അക്ബർ പറയുന്നത്. ഇയാൾ ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്‍റെ തെളിവുകൾ അധികൃതർക്ക് നൽകിയതായും അലി അക്ബർ അവകാശപ്പെട്ടു.

സുകുമാരക്കുറുപ്പിന്‍റേതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രവും പ്രചരിച്ചു. തുടർന്ന് ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ, ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. 1984ലാണ് ഏറെ വിവാദമായ കൊലപാതകം നടക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോ എന്ന യുവാവിനെ കുറുപ്പും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com