

പുലികളി സംഘത്തിനൊപ്പം സുരേഷ് ഗോപി.
File
തൃശൂർ: കേരളത്തിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായം. പുലിക്കളി സംഘങ്ങൾക്കായി കേന്ദ്രം 24 ലക്ഷം രൂപ അനുവദിച്ചതായി കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പുലിക്കളി കലാകാരന്മാർക്ക് വലിയൊരു ആശ്വാസമായാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പുലികളിക്കിടെ സുരേഷ് ഗോപി നൽകിയ വാഗ്ദാനമായിരുന്നു ഈ ധനസഹായം. സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ, തൃശൂരിന്‍റെ സാംസ്കാരിക പാരമ്പര്യത്തിനും ഈ കലാരൂപത്തിനും യാതൊരു തടസ്സവും നേരിടാതിരിക്കാൻ ഈ തവണ പ്രത്യേക കേസായിട്ടാണ് അനുമതി തേടിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ ചട്ടങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണമായി അനുവദിച്ചിരിക്കുന്നത്.
ജൂലൈ 27-ലെ അനുമതിക്കത്തുമായി ബന്ധപ്പെട്ട ഫോട്ടോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഓണാഘോഷ വേളയിൽ ഈ കലാരൂപത്തിന് കൂടുതൽ നിറം പകരാനും കേരളത്തിന്‍റെ തനത് സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഈ ഫണ്ട് സഹായിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പ്രത്യാശിച്ചു.
"സാംസ്കാരിക നഗരത്തിന്‍റെ അഭിമാനമാണ് പുലിക്കളി, അതിനെ നെഞ്ചിലേറ്റാൻ ഞാൻ എപ്പോഴും കൂടെയുണ്ടാകും," അദ്ദേഹം കൂട്ടിച്ചേർത്തു.