കേരളത്തിൽ 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം; 'അക്വാഫിറ്റ്' പദ്ധതിക്ക് തുടക്കം

ഓരോ ജില്ലയിലും 1,000 വിദ്യാർഥികൾക്ക് പരിശീലനം നൽകും
Swimming training for 14,000 students in Kerala (Representative image)

കേരളത്തിൽ 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം (പ്രതീകാത്മക ചിത്രം)

Updated on

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ആരംഭിച്ച 'അക്വാഫിറ്റ്' പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14,000 സ്കൂൾ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തിരുവനന്തപുരത്തെ ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്സിൽ ബുധനാഴ്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നദികളും കായലുകളും കനാലുകളും ഉൾപ്പെടെ നിരവധി ജലാശയങ്ങളുള്ള കേരളത്തിൽ നീന്തൽ ഒരു കായിക ഇനമെന്നതിലുപരി ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അടിസ്ഥാന നൈപുണ്യമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി ഓരോ ജില്ലയിലും 1,000 വിദ്യാർഥികൾക്ക് പരിശീലനം നൽകും. തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സ്കൂളിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കും.

നീന്തൽ മികച്ച ശാരീരിക വ്യായാമമാണെന്നും ജീവിതശൈലി രോഗങ്ങൾ തടയാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മുങ്ങിമരണങ്ങൾ കുറയ്ക്കുന്നതിനൊപ്പം കഴിവുള്ള നീന്തൽ താരങ്ങളെ കണ്ടെത്തി വളർത്താനും പദ്ധതി വഴിയൊരുക്കും. പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ ജലസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലാകെ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി കെ. മുരളീധരൻ, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com