മദ്യപിച്ച വികാരി രാജിവയ്ക്കണം; തിരുവനന്തപുരം പേട്ട സെന്‍റ് ആൻസ് പള്ളിയിൽ സംഘർഷം, പൊലീസിനെ വിന്യസിച്ചു

വികാരി ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെ ഒരു വിഭാഗം വിശ്വാസികൾ പള്ളിമേടയിൽ പൂട്ടിയിട്ടതോടെയാണ് സംഘർഷത്തിന് തുടക്കമായത്
Intoxicated priest must resign; tension at St. Anne’s Church in Pettah, Thiruvananthapuram; police deployed.

മദ്യപിച്ച വികാരി രാജിവയ്ക്കണം; തിരുവനന്തപുരം പേട്ട സെന്‍റ് ആൻസ് പള്ളിയിൽ സംഘർഷം, പൊലീസിനെ വിന്യസിച്ചു

representative image

Updated on: 

തിരുവനന്തപുരം: വികാരിയുടെ രാജി ആവശ്യപ്പെട്ട് വിശ്വാസികൾക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ ലത്തീൻ കത്തോലിക്കാ പള്ളിയിൽ പൊലീസിനെ വിന്യസിച്ചു. പേട്ട സെന്‍റ് ആൻസ് പള്ളിയിൽ ഞായറാഴ്ചയാണ് സംഭവം.

വികാരി ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെ ഒരു വിഭാഗം വിശ്വാസികൾ പള്ളിമേടയിൽ പൂട്ടിയിട്ടതോടെയാണ് സംഘർഷത്തിന് തുടക്കമായത്. വികാരിയെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗം ഇതിനെ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

ഏതാനും മാസങ്ങൾക്ക് മുൻപ് ഇടവകയിൽ ചുമതലയേറ്റത് മുതൽ ഒരു വിഭാഗം വിശ്വാസികൾ വികാരിക്കെതിരേ പ്രതിഷേധത്തിലാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ഒക്റ്റോബർ 15ന് രാത്രി പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പരാതിയിൽ വികാരിക്കും മറ്റ് രണ്ട് പേർക്കുമെതിരേ കേസെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് വികാരിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രചാരണങ്ങളും നടന്നു. ഞായറാഴ്ച കുർബാനയ്ക്ക് മുൻപ് പ്രതിഷേധക്കാർ വികാരിക്കെതിരേ പോസ്റ്ററുകൾ സ്ഥാപിക്കുകയും അദ്ദേഹത്തെ പള്ളിമേടയിൽ പൂട്ടിയിടുകയുമായിരുന്നു.

അതേസമയം, പള്ളിയിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില വിശ്വാസികൾ നടത്തിയ അഴിമതിയെ പിന്തുണയ്ക്കാൻ വികാരി തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ആരോപിച്ചു. വികാരിയെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രാവിലെ പത്ത് മണിക്കുള്ള കുർബാനയിൽ അദ്ദേഹം പങ്കെടുത്തില്ല. സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ മുപ്പതോളം പൊലീസുകാരെ പള്ളിവളപ്പിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.