സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തരൂർ; ക്ഷണിച്ചില്ലേയെന്ന് സോഷ്യൽ മീഡിയ

മുഖ്യമന്ത്രിയാക്കുമെന്ന് നിങ്ങൾ കരുതിയിരുന്നോ എന്നാണ് മറ്റൊരു കമന്‍റ്.
Tharoor will not attend the swearing-in ceremony; Social media says he was not invited

ശശി തരൂർ

Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ശശി തരൂർ എംപി. എക്സിലൂടെയാണ് തരൂർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ കോൺഗ്രസിനോടും വി.ഡി. സതീശനോടും ക്ഷമ ചോദിക്കുന്നുവെന്ന ആമുഖത്തോടെയാണ് എക്സിൽ തരൂരിന്‍റെ കുറിപ്പ്.

യുഎസിലെ ബോസ്റ്റണിൽ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ ഫ്ലെച്ചർ സ്കൂൾ ഒഫ് ലോ ആൻഡ് ഡിപ്ലോമസിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് തരൂർ സത്യപ്രതിജ്ഞ ഒഴിവാക്കുന്നത്. ബിരുദപഠനത്തിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും കേരളത്തിന്‍റെ ഭാവിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനൊപ്പം യുഎസിൽ ഭൂതകാലം ആഘോഷിക്കുന്ന അവസരമാണിതെന്നാണ് തരൂരിന്‍റെ കുറിപ്പ്.

കേരളത്തിലെ മുഖ്യമന്ത്രിയെ നിർണയിച്ചതിൽ‌ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും അടക്കമുള്ള നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് തരൂർ സത്യപ്രതിജ്ഞ ഒഴിവാക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ നേതാക്കൾ തനിക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് തരൂർ മുൻപേ ആരോപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനു കീഴിൽ തരൂരിന് എന്തെങ്കിലും അതൃപ്തിയുണ്ടോ എന്ന മട്ടിലുള്ള ചോദ്യങ്ങളാണ് നിറയുന്നത്. സത്യം പറയൂ നിങ്ങൾക്ക് ക്ഷണം ലഭിച്ചില്ലേയെന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. നിങ്ങൾ അന്താരാഷ്ട്ര വ്യക്തിത്വമായതു കൊണ്ട് ബോസ്റ്റണിലേക്ക് പോകുന്നു, ചെന്നിത്തല പ്രാദേശിക നേതാവായതു കൊണ്ട് അദ്ദേഹം ഗുരുവായൂരിലേക്ക് പോയി എന്നാണ് മറ്റൊരു കമന്‍റ്. മുഖ്യമന്ത്രിയാക്കുമെന്ന് നിങ്ങൾ കരുതിയിരുന്നോ എന്നാണ് മറ്റൊരു കമന്‍റ്.

logo
Metro Vaartha
www.metrovaartha.com