കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയ്നുകൾ വൈകിയോടുന്നു

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
The clock tower building at the Kozhikode railway station platform lies in a collapsed state

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് ടവർ കെട്ടിടം തകർന്നുവീണ നിലയിൽ

Updated on

കോഴിക്കോട്: കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ കെട്ടിടം തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് തകർന്നുവീണത്. ആളപായമില്ല. വ്യാഴാഴ്ച രാവിലെ 11.10നാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള ട്രെയ്‌നുകള്‍ വൈകിയോടുന്നുവെന്നാണ് വിവരം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് രണ്ടര മണിക്കൂറും വൈകും.

കോഴിക്കോട്-കണ്ണൂർ പാസഞ്ചർ തീവണ്ടി പ്ലാറ്റ്ഫോമിൽ നിൽക്കേയാണ് അപകടം. ഉച്ചയ്ക്ക് 2.05 പുറപ്പെടേണ്ട ട്രെയ്നായതിനാൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടം വീഴുന്നതു കണ്ടതിനെ തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ചില ജീവനക്കാർ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.

അപകടത്തെ തുടര്‍ന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതാണ് ട്രെയ്ൻ സർവീസ് തടസപ്പെടാൻ ഇടയാക്കിയത്.

150 വർഷത്തിലേറെ പഴക്കമുള്ളതാണ് തകർന്നുവീണ ക്ലോക്ക് ടവർ. കോഴിക്കോട് സ്റ്റേഷന്‍റെ മുഖമുദ്രയായിരുന്നു ഇത്. കനത്ത മഴയെ തുടർന്നാണ് ക്ലോക്ക് ടവർ തകർന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് കോഴിക്കോട് പെയ്തത്. അഗ്നിരക്ഷാസേന, ആർപിഎഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടാവിഷ്ടങ്ങൾ നീക്കം ചെയ്യൽ പുരോഗമിക്കുകയാണ്.

വിവരമറിഞ്ഞ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ സ്ഥലത്തെത്തി. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാത്തത് റെയ്ൽവേ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് റിയാസ് കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com