

വി. ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം–അഹമ്മദാബാദ് ഇരട്ടനഗര പങ്കാളിത്ത പദ്ധതിക്കെതിരേ മുതിർന്ന സിപിഎം നേതാവ് വി. ശിവൻകുട്ടി. ഗുജറാത്തിലെ വികസന മാതൃക കേരളത്തിന്റെ തലസ്ഥാനത്ത് അടിച്ചേൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്റെ ഭരണസംവിധാനവും നഗരസൗകര്യങ്ങളും അഹമ്മദാബാദിന്റെ മാതൃകയിൽ പരിഷ്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും മുൻമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ തിങ്കളാഴ്ചയാണ് അഹമ്മദാബാദ് കോർപറേഷനുമായുള്ള ഇരട്ടനഗര പങ്കാളിത്ത പദ്ധതിക്ക് അംഗീകാരം നൽകിയത്. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് പ്രതിഷേധിക്കുകയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
അഹമ്മദാബാദ് മാതൃകയിലുള്ള വികസന പദ്ധതികൾ തിരുവനന്തപുരത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. വികസന, സാംസ്കാരിക സൂചികകളിൽ കേരളവും തലസ്ഥാനവും ഗുജറാത്തിനെക്കാൾ ഏറെ മുന്നിലാണ്. വികസന മാതൃകയ്ക്കായി അഹമ്മദാബാദിനെ ആശ്രയിക്കേണ്ട സാഹചര്യം കോർപറേഷനില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ ഘടന, സംസ്കാരം, ഭക്ഷണരീതി, ജീവിതശൈലി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയവയിൽ ഇരു നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് കൂടുതലും മധ്യവർഗക്കാരും സർക്കാർ ജീവനക്കാരുമാണ് താമസിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
വിദേശ പ്രമുഖർ സന്ദർശിക്കുമ്പോൾ അഹമ്മദാബാദിലെ വികസനം എത്താത്ത ചേരിപ്രദേശങ്ങൾ തുണികൊണ്ട് മറയ്ക്കുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ജനങ്ങളെ വിവിധ തട്ടുകളായി വിഭജിക്കുന്ന വികസന മാതൃക തിരുവനന്തപുരത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷന് പ്രായോഗികമല്ലാത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ട് വികസനം, അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാക്കാനാകാത്ത നിർദേശങ്ങൾക്ക് പിന്നാലെ പോകുന്നതിനുപകരം നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനുമാണ് കോർപറേഷൻ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികലമായ വികസന മാതൃകയെന്ന് താൻ വിശേഷിപ്പിച്ച വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ തിരുവനന്തപുരത്തെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.