സ്മൃതിതൻ ചിറകിലേറി... ഭാവഗായകന് തൃശൂരിന്‍റെ അശ്രൂപൂജ

സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30ന് ജന്മനാടായ പറവൂർ ചേന്ദമംഗലത്ത് പാലിയം തറവാട്ടു വീട്ടിൽ
Thrissur bid adieu to singer p jayachandran
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് സാംസ്കാരിക നഗരിയുടെ അശ്രൂപൂജ
Updated on

തൃശൂര്‍: കാലാതീതമായ ബഹുസഹസ്രം ഗാനങ്ങൾ ആലപിച്ച് ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഭാവഗായകൻ പി. ജയചന്ദ്രന് തൃശൂർ നഗരത്തിന്‍റെ അന്ത്യാഞ്ജലി. യുവത്വവും കാൽപ്പനികതയും തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകൾക്ക് സംഗീത വിരുന്നൂട്ടിയ അനശ്വര ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. അമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൗസിലേക്കാണ് ആദ്യമെത്തിച്ചത്. തുടർന്ന് 11 മുതൽ കേരള സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒന്നിന് ഭൗതികദേഹം തിരികെ വീട്ടിലെത്തിച്ചു.

കലാ- സാംസ്കാരിക- രാഷ്‌ട്രീയ- ഭരണ രംഗത്തെ പ്രമുഖരടക്കം ആയിരങ്ങളാണ് ഇഷ്ടഗായകന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ടായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30ന് ജന്മനാടായ പറവൂർ ചേന്ദമംഗലത്ത് പാലിയം തറവാട്ടു വീട്ടിൽ നടക്കും. രാവിലെ 9 മുതൽ 12 വരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.

സംഗീത നാടക അക്കാദമിയിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങിയിരുന്നത് ജയചന്ദ്രൻ പാടിയ അവിസ്മരണീയ ഗാനങ്ങളാണ്. അദ്ദേഹത്തിനു വേണ്ടി 250ഓളം പാട്ടുകളെഴുതിയ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ശാരീരിക അസ്വസ്ഥതകൾ മാറ്റിവച്ച് തിരുവനന്തപുരത്തു നിന്നെത്തി. മമ്മൂട്ടി, കലാമണ്ഡലം ഗോപി, വിദ്യാധരൻ മാസ്റ്റർ, ബാലചന്ദ്ര മേനോൻ, എം.ജി. ശ്രീകുമാർ, ഔസേപ്പച്ചൻ, പെരുവനം കുട്ടൻ മാരാർ എന്നിവരടക്കം എത്തി അന്ത്യോപചാരമർപ്പിച്ചു.

മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, മേയർ എം.കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, സംവിധായകരായ സിബി മലയിൽ, കമൽ, പ്രിയനന്ദനൻ, മനോജ് കെ. ജയൻ, രൺജി പണിക്കർ, ലാൽ ജോസ്, നടന്മാരായ ടി.ജി. രവി, ബിജു മേനോൻ, രാമു, ജയരാജ് വാര്യർ, രമേഷ് പിഷാരടി തുടങ്ങിയവർ സന്നിഹിതരായി.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ. എം.കെ. സുദർശൻ, ജില്ലാ കലക്റ്റർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, സുദീപ്, അനൂപ് ശങ്കർ, മൃദുല വാര്യർ, ഇന്ദുലേഖ വാര്യർ, സംഗീതഞ്ജൻ പ്രകാശ് ഉള്ളേരി, കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ഔഗിൻ കുര്യാക്കോസ്, ഫാ. തോമസ് ചക്കാലമറ്റത്ത്, ഫാ. പോൾ പൂവത്തിങ്കൽ, കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ, ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ എംപി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ്കുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അനിൽ അക്കര തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com