കൊല്ലം റെയ്ൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന; ഒറ്റദിവസം പിഴയായി ഈടാക്കിയത് 1.15 ലക്ഷം രൂപ

കൊല്ലം റെയ്ൽവേ കോടതിയിലെ സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ട്രെയ്നിൽ നേരിട്ട് പരിശോധനയ്ക്ക് എത്തിയിരുന്നു
Ticket inspection at Kollam Railway Station; Rs 1.15 lakh collected in fines in a single day.

കൊല്ലം റെയ്ൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന; ഒറ്റദിവസം പിഴയായി ഈടാക്കിയത് 1.15 ലക്ഷം രൂപ

Updated on: 

കൊല്ലം: ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കെതിരേ കൊല്ലം റെയ്ൽവേ സ്റ്റേഷനിലും ട്രെയ്നുകളിലും നടത്തിയ സംയുക്ത പരിശോധനയിൽ 1.15 ലക്ഷം രൂപ പിഴ ഈടാക്കി. 197 ക്രമക്കേടുകളാണ് ഒറ്റദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത്. ദക്ഷിണ റെയ്ൽവേയാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ 16ന് ടിക്കറ്റ് പരിശോധന ശക്തമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. കൊല്ലം റെയ്ൽവേ കോടതിയിലെ സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ട്രെയ്നിൽ നേരിട്ട് പരിശോധനയ്ക്ക് എത്തിയിരുന്നു. കൊല്ലം-പുനലൂർ-കൊല്ലം മെമു ട്രെയ്നിലാണ് പ്രത്യേക പരിശോധന നടത്തിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ, ടിടിഇമാർ തുടങ്ങിയവർ അടങ്ങിയ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.

ട്രെയ്നിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 21 പേരെ കണ്ടെത്തി. ഇവരിൽ നിന്ന് 10,920 രൂപ പിഴയായി ഈടാക്കി. ട്രെയ്നിലെ പരിശോധനയ്ക്ക് പിന്നാലെ കൊല്ലം റെയ്ൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 175 പേരെ പിടികൂടി. ഇവരിൽ നിന്ന് 1,04,555 രൂപ പിഴ ഈടാക്കി.

ട്രെയ്നിലും പ്ലാറ്റ്ഫോമുകളിലുമായി നടത്തിയ സംയുക്ത പരിശോധനയിൽ ആകെ 197 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിലൂടെ 1,15,775 രൂപ പിഴയായി ലഭിച്ചു.

ടിക്കറ്റില്ലാത്ത യാത്ര തടയുന്നതിനും അനധികൃത പ്രവേശനം നിയന്ത്രിക്കുന്നതിനും ടിക്കറ്റുള്ള യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനുമായി പരിശോധനകൾ ശക്തമാക്കുമെന്ന് തിരുവനന്തപുരം റെയ്ൽവേ ഡിവിഷൻ അറിയിച്ചു.