
കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ
മലപ്പുറം: മാസങ്ങൾ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ മലപ്പുറം കാളികാവിലെ നരഭോജിക്കടുവ പിടിയിലായി. ഞായറാഴ്ച പുലർച്ചയോടെയാണ് കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടു മാസം മുൻപ് റബർ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നിരുന്നു. 20 അംഗങ്ങൾ അടങ്ങുന്ന മൂന്നു സംഘങ്ങളാണ് കഴിഞ്ഞ 53 ദിവസങ്ങളായി കടുവയ്ക്കു വേണ്ടിയുള്ള തെരച്ചിലിൽ വ്യാപതരായിരുന്നത്.
മേയ് 15 തോട്ടം തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയ്ക്കു വേണ്ടിയുള്ള തെരച്ചിൽ നടത്തിയിരുന്നത്. പ്രദേശത്ത് അനവധി കൂടുകൾ സ്ഥാപിച്ചതിനു പുറമേ ക്യാമറകളും തെർമൽ ക്യാമറ ഡ്രോണുകളും അന്വേഷണത്തിനായി വിന്യസിച്ചിരുന്നു.
കുങ്കി ആനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭീതിയിലായിരുന്നു നാട്ടുകാർ.