"കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം"; ജോയ് മാത്യുവിന് മറുപടി നൽകി തോമസ് ഐസക്

കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലെന്ന നടന്‍ ജോയ് മാത്യുവിന്‍റെ പരാമർശത്തിനെതിരേയാണ് തോമസ് ‍ഐസക്കിന്‍റെ പ്രതികരണം
tm thomas isaac against joy mathew
Joy Mathew

file image

Updated on

കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലെന്ന നടന്‍ ജോയ് മാത്യുവിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി മുന്‍ മന്ത്രി തോമസ് ഐസക്. കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു ജോയ് മാത്യുവിന്‍റെ ചോദ്യം.

പത്ത് വർഷം തുടർച്ചയായി ഒരു ഭരണം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, വിമർശകർ കണ്ണടച്ച് ഇരുട്ടാക്കരുത്. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലായെന്ന ശാഠ്യക്കാരനാണ് പ്രതിപക്ഷനേതാവ്. അപ്പോൾ പിന്നെ അനുയായികളുടെ കാര്യം പറയണോ? എന്ന് തോമസ് ഐസക് പറയുന്നു.

1917-ൽ നിർമ്മിതമായ മലാപ്പറമ്പ് യുപി സ്കൂൾ യുഡിഎഫ് സർ‍ക്കാരിന്‍റെ കാലത്ത് അർ‍ദ്ധരാത്രിയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരൽ‍ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കൾ‍ക്കും കുട്ടികൾ‍ക്കുമൊപ്പം നിൽ‍ക്കാനോ യുഡിഎഫ് സർ‍ക്കാർ‍ തയ്യാറായില്ല. ആ കുട്ടികളും സ്കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എൽഡിഎഫ് സ‍ർക്കാർ‍ ആയിരുന്നുവെന്നും തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പത്ത് വർഷം തുടർച്ചയായി ഒരു ഭരണം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, വിമർശകർ കണ്ണടച്ച് ഇരുട്ടാക്കരുത്. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലായെന്ന ശാഠ്യക്കാരനാണ് പ്രതിപക്ഷനേതാവ്. അപ്പോൾ പിന്നെ അനുയായികളുടെ കാര്യം പറയണോ? പക്ഷേ, പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണപത്രികകളിൽ അഭിമാനപൂർവ്വം എടുത്തു പറയുന്ന നിരവധി വികസന പ്രവർത്തനങ്ങളുണ്ട്.

കെപിസിസി പ്രസിഡന്റിനുപോലും അറിയാതെയാണെങ്കിലും സമ്മതിക്കേണ്ടിവന്നു. റോഡുകളൊക്കെ നന്നായതുകൊണ്ട് യാത്ര ചെയ്യാൻ എളുപ്പമാണമെന്ന്. യുഡിഎഫിന്റെ പൂർണ്ണനിഷേധാത്മക നിലപാട് അവരുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നുവെന്ന കാര്യം അവർ മറന്നു. യുഡിഎഫിന്റെ ഇത്തവണത്തെ പ്രചാരകരിൽ ഒരാൾ ആയിരുന്നുവല്ലോ നടൻ ജോയി മാത്യു. കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് അദ്ദേഹം ചോദിക്കുന്നത് കണ്ടു. ഈ ചോദ്യം ഉയർത്താൻ തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമാണ് കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്കൂൾ.

1917-ൽ നിർമ്മിതമായ മലാപ്പറമ്പ് യുപി സ്കൂൾ യുഡിഎഫ് സർ‍ക്കാരിൻ്റെ കാലത്ത് അർ‍ദ്ധരാത്രിയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരൽ‍ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കൾ‍ക്കും കുട്ടികൾ‍ക്കുമൊപ്പം നിൽ‍ക്കാനോ യുഡിഎഫ് സർ‍ക്കാർ‍ തയ്യാറായില്ല. പകരം, നിസംഗതയോടെ മൗനാനുവാദം നൽകി മാറി നിൽക്കുകയായിരുന്നു. സ്കൂൾ പൂട്ടിയ ശേഷം അഞ്ചുമാസത്തോളം കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു കുട്ടികൾ‍ പഠിച്ചത്. ആ കുട്ടികളും സ്കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എൽഡിഎഫ് സ‍ർക്കാർ‍ ആയിരുന്നു.

സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപ്പിലൂടെ എയ്ഡഡ് സ്കൂൾ സർക്കാർ സ്കൂളായി മാറി ചരിത്രം സൃഷ്ടിച്ചു. ഇതിനൊക്കെ നേതൃത്വം വഹിച്ചത് അന്നത്തെ കോഴിക്കോട് എംഎൽഎ ആയിരുന്ന എ. പ്രദീപ് കുമാർ ആയിരുന്നു.

സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യപ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടങ്ങൾ അങ്ങനെ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വിസ്മയകരമായ എന്തെന്തു മാറ്റങ്ങളാണ് ആ പൊതുവിദ്യാലയത്തിലുണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവും അണികളും വിലയിരുത്തുന്നത് നന്നായിരിക്കും.

ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. നിങ്ങൾ കേരളത്തിലെ ഏത് സ്കൂളിൽച്ചെന്നു പരിശോധിച്ചോളൂ. സ്വകാര്യ സ്കൂളുകൾപോലും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. കോഴിക്കോട് പട്ടണം തന്നെ എടുത്തോളൂ. നടക്കാവ്, കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവ മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ ഇങ്ങനെ സ്കൂളുകളുടെ നീണ്ടനിരയുണ്ട്.

ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണാം. ഏതായാലും ജോയ് മാത്യു വികസനത്തെക്കുറിച്ച് ചോദിക്കാൻ പറ്റിയ സ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ചോദിച്ചത്. അതും മലാപ്പറമ്പ് യുപി സ്കൂളിനു മുന്നിൽ നിന്നുകൊണ്ട്. കണ്ണ് ഉണ്ടായാൽ മാത്രം പോരാ, കാണുകയും വേണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com