

70 ലക്ഷം രൂപ പിഴ; കേരളത്തിലേക്കുള്ള സർവീസ് നിർത്തി തമിഴ്നാട് ഒംനി ബസുകൾ
ചെന്നൈ: കേരളത്തിലേക്ക് ദിവസേന നടത്തിയിരുന്ന സർവീസുകൾ നിർത്തലാക്കി തമിഴ്നാട് ഒംനി ബസ് ഉടമസ്ഥരുടെ സംഘടന. കേരളം കനത്ത പിഴ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് നടപടി. ശബരിമല തീർഥാടകരെയടക്കം തീരുമാനം പ്രതികൂലമായി ബാധിക്കും. മണ്ഡല മകരവിളക്ക് സീസണിൽ തമിഴ്നാട്ടിൽ നിന്ന് നിരവധി പേരാണ് ഒംനി ബസുകളിൽ കേരളത്തിലേക്കെത്തിയിരുന്നത്. പെർമിറ്റ് ലംഘനത്തിന്‍റെ പേരിൽ കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്‍റ് 30 ബസുകൾ പിടിച്ചെടുത്തുവെന്നും 70 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും അസോസിയേഷൻ ആരോപിക്കുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നെത്തിയ ബസുകൾക്ക് 2 മുതൽ 2.5 ലക്ഷം രൂപ വരെ പിഴയാണ് ചുമത്തിയത്.
ഇതു തങ്ങൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് സംഘടനാ പ്രസിഡന്‍റ് എ. അൻപളകൻ പറയുന്നു. നവംബർ 7 മുതലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ 150 ബസുകളുടെ സർവീസും ബുക്കിങ്ങും റദ്ദാക്കിയിരിക്കുകയാണ്.
വിഷയത്തിൽ ഇടപെടണമെന്നും ശാശ്വത പരിഹാരം കാണണെന്നും തമിഴ്നാട് സർക്കാരിനോട് ബസ് ഉടമസ്ഥരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.