

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗതാഗതമന്ത്രി സി.പി. ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. വാഹൻ - സാരഥി പോർട്ടലുകളുടെ തകരാറുകൾ, കെഎസ്ആർടിസി ബസുകളുടെ നവീകരണം, ഇ - ചെലാൻ ഏകോപനം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി തികച്ചും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നു മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. വാഹൻ, സാരഥി സേവനങ്ങളിൽ നിരന്തരമുണ്ടാകുന്ന തടസങ്ങൾ ഗൗരവമായി എടുത്ത കേന്ദ്രമന്ത്രി, ഒരാഴ്ചയ്ക്കകം ഇത് പരിഹരിക്കാൻ ദേശീയ ഇൻഫൊർമാറ്റിക്സ് സെന്‍ററിന് (എൻഐസി) കർശന നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ - ചെലാൻ സംവിധാനം കേരളത്തിലും നടപ്പാക്കാൻ ദേശീയ എൻഐസിയും സംസ്ഥാന എൻഐസിയും സംയുക്തമായി പ്രവർത്തിക്കുമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്‍റെ സംയോജനം പൂർത്തിയാക്കുമെന്നും തീരുമാനമായി.
വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പിയുസി) തടയാൻ കർശന നടപടിയുണ്ടാകും. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിഷയം മന്ത്രി ജോൺ യോഗത്തിൽ ഉന്നയിച്ചു. ഈ സംഭവങ്ങൾ കേന്ദ്രത്തെ അറിയിക്കാനും സംസ്ഥാന തലത്തിൽ ഇത്തരം സർട്ടിഫിക്കെറ്റുകൾ റദ്ദാക്കാനും നിർദേശിച്ച ഗഡ്കരി, കുറ്റക്കാർക്കെതിരെ കേന്ദ്ര മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കൽ കേന്ദ്രങ്ങളും (സ്ക്രാപ്പിങ് ഫെസിലിറ്റി) ഓട്ടൊമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ദേശീയപാതകളിലെ എഎൻപിആർ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ് - ഇൻ - മോഷൻ (ഡബ്ല്യുഐഎം) വിവരങ്ങളും സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായി പങ്കുവയ്ക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. വെയ് - ഇൻ - മോഷൻ സംവിധാനം പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസിയുടെ നവീകരണത്തിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്‍റെ നിർദേശം സാമ്പത്തിക കാര്യ വകുപ്പിന് കൈമാറുമെന്ന് ഗഡ്കരി അറിയിച്ചു. പുതിയ ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഭവന നഗരകാര്യ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാനത്തിന് നിർദേശം നൽകി. എൻഎച്ച്എഐ ടോൾ പ്ലാസകളിൽ കെഎസ്ആർടിസി ബസുകൾക്ക് ടോൾ ഇളവ് നൽകുന്ന കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്‍റെ ഭാഗമായി അനെർട്ടുമായി ചേർന്ന് കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന ഹൈഡ്രജൻ ട്രാൻസ്പോർട്ടേഷൻ പൈലറ്റ് പ്രോജക്ടിന് കേന്ദ്രം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.