ആനപ്രേമികളുടെ ഇഷ്ടതാരം ഈരാറ്റുപേട്ട അയ്യപ്പൻ ഇനി ഓർമ

നാല് മാസം മുമ്പ് കൊല്ലം, തൃശൂർ, ചേർത്തല എന്നിവിടങ്ങളിൽ വച്ച് ആന പല തവണ കുഴഞ്ഞു വീണിരുന്നു.
tusker eerattupetta ayyappan dies

ഈരാറ്റുപേട്ട അയ്യപ്പൻ

Updated on

ബിനീഷ് മള്ളൂശേരി

കോട്ടയം: ആനപ്രേമികളുടെ ഇഷ്ട താരവും പൂരങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ ഓർമയായി. രോഗങ്ങളെ തുടർന്ന് തളർന്നു വീണ് നാളുകളായി ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പരവൻപറമ്പിൽ കുടുംബത്തിന്‍റെ സ്വന്തമായ അയ്യപ്പൻ, കോടനാട് ആനക്കളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു. ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കുട്ടിക്കുറുമ്പനാണ് പിന്നീട് സഹ്യൻ്റെ നാട്ടിലെ ആനപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്.

ഒത്ത തലയെടുപ്പും കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈയും ശാന്തസ്വഭാവവും, കരിക്കൊപ്പമുള്ള കറുപ്പും, അമരം കവിഞ്ഞ നീണ്ട വാലും, ഭംഗിയുള്ള ചെവികളുമടക്കം ഒട്ടുമിക്ക ലക്ഷണങ്ങളും ഒത്ത ആനയായിരുന്നു ഇരാറ്റുപേട്ട അയ്യപ്പൻ. പതിനാറ് നഖക്കാരൻ എന്ന പേരുദോഷത്തിൽ നിന്നാണ് കേരളത്തിലെ ആനപ്രേമികളുടെ ഇഷ്ട കരിവീരനായി അയ്യപ്പൻ മാറിയത്. ഗജരത്നം, ഗജരാജന്‍, ഗജോത്തമന്‍, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങി നിരവധി പട്ടങ്ങൾ നേടിയ ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അയ്യപ്പനെ തേടിയെത്തിയിട്ടുണ്ട്.

പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് ചേട്ടൻ എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബർ 20ന് ലേലത്തിൽ സ്വന്തമാക്കുമ്പോൾ ആരാമിന് ഏഴുവയസിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുട്ടിക്കൊമ്പൻ അയ്യപ്പനായി വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനാവാൻ അധികകാലമെടുത്തില്ല.

പിന്നീട് കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അയ്യപ്പൻ നിറസാന്നിധ്യമായി മാറുകയായിരുന്നു. കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ അയ്യപ്പൻ കുഴഞ്ഞു വീണിരുന്നു. പിന്നീട് സ്വയം എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വിധം കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് ആന ചരിഞ്ഞതായി ഉടമസ്ഥർ സ്ഥിരീകരിച്ചത്. ഒടുവിൽ തൻ്റെ ആരാധകരെ കണ്ണീരിലാഴ്ത്തി അയ്യപ്പൻ യാത്രയായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com