ജ്ഞാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്തു

പാറ്റി-ബെൽ പ്രൊജക്റ്റ് മാനേജർ ലീ സി ബീന്‍റെ സഹായിയായ ഷാജഹാന്‍റെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്
vacb records statement of another witness in road project corruption inquiry involving cec gyanesh kumar

ജ്ഞാനേഷ് കുമാർ

Updated on: 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ, 2006ൽ കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് ഒരാളുടെ മൊഴിയെടുത്തു.

ആത്മഹത‍്യ ചെയ്ത പാറ്റി-ബെൽ പ്രൊജക്റ്റ് മാനേജർ ലീ സി ബീന്‍റെ സഹായിയായ ഷാജഹാന്‍റെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൃത‍്യമായ ബില്ലുകൾ പാസാക്കാത്തതിനാൽ മലേഷ‍്യൻ എൻഞ്ചിനീയർമാർ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും ഇത് പദ്ധതിയെ ബാധിച്ചതായും ഷാജഹാൻ മൊഴി നൽകിയതായാണ് വിവരം.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിനു (കെഎസ്ടിപി) കീഴിൽ എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട പാറ്റി-ബെൽ കൺസോർഷ്യത്തിൽ പ്രവർത്തിച്ചിരുന്ന മലേഷ്യൻ സിവിൽ എൻജിനീയർ ലീ സീ ബീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ് കേസ്. ബീന്‍റെ ആത്മഹത്യാക്കുറിപ്പിൽ ജ്ഞാനേഷ് കുമാറിന്‍റെ പേര് പരാമർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2006ലാണ് അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എംസി റോഡ് നവീകരണത്തിന് ലോകബാങ്കിന്‍റെ ധനസഹായത്തോടെ 215 കോടി രൂപയുടെ പദ്ധതി കെഎസ്ടിപി നടപ്പിലാക്കിയത്. മലേഷ‍്യൻ കമ്പനിയായ പാറ്റിയും കൊച്ചി ആസ്ഥാനമായ ഭഗീരഥ എൻ‌ഞ്ചിനീയറിങ്ങും ചേർന്നുള്ള സംയുക്ത കൺസോർഷ‍്യത്തിനാണ് കരാർ ലഭിച്ചത്. ഇത് പിന്നീട് പാറ്റി- ബെൽ എന്ന പേരിലാണ് അറിയപ്പെട്ടത്.

മലേഷ‍്യൻ കമ്പനിയാണ് ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിർമാണത്തിനിടെ കമ്പനിയിലെ പ്രൊജക്റ്റ് എൻജിനീയറായ ലീ സീ ബീൻ ധാരാളം പരാതികൾ ഉന്നയിക്കുകയും തുടർന്ന് മലേഷ‍്യയിൽ വച്ച് ആത്മഹത‍്യ ചെയ്യുകയും ചെയ്തു. ആത്മഹത‍്യാക്കുറിപ്പിൽ ജ്ഞാനേഷ് കുമാറിനെതിരേ പരാമർശമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

ഇത് അടക്കം അന്ന് വിജിലൻസ് പരിശോധിച്ചെങ്കിലും സർക്കാർ മാറിയതോടെ അന്വേഷണം മുന്നോട്ടു പോയില്ല. പദ്ധതിയുമായി ബന്ധമുണ്ടായിരുന്ന പാറ്റി-ബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസിന് മൊഴി നൽകിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ കെഎസ്ടിപിയിൽ നിന്നും വിജിലൻസ് ആവശ‍്യപ്പെട്ടിട്ടുണ്ടെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ജ്ഞാനേഷ് കുമാറിനെതിരേ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഈ ആരോപണങ്ങളോടും അന്വേഷണത്തോടും ജ്ഞാനേഷ് കുമാർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.