

സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി
മലപ്പുറം: വാൽപ്പാറ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി (39) മരിച്ചു. കൊയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരവെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മുഹമ്മദ് ഫായിസിന്‍റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കോയമ്പത്തൂരിൽ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പാങ്ങ് ഗവ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. അപടത്തിൽ സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ, സ്കൂളിലെ പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവ യുപി സ്കൂൾ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തേ മരിച്ചത്.