വർക്കലയിൽ വറ്റച്ചാകര; മീൻ കഴിച്ച 27 പേർക്ക് ദേഹാസ്വാസ്ഥ്യം, വിൽപ്പന നിരോധിച്ചു

2 പേരുടെ നില ഗുരുതരമാണ്
varkala fish poisoning vatta fish ban

വർക്കലയിൽ വറ്റച്ചാകര; മീൻ കഴിച്ച 27 പേർക്ക് ദേഹാസ്വാസ്ഥ്യം, വിൽപ്പന നിരോധിച്ചു

Updated on: 

തിരുവനന്തപുരം: വർക്കലയിൽ വറ്റ മീൻ കഴിച്ച 27 പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതി. കഴിഞ്ഞ രണ്ട് ദിവസമായി വറ്റ മത്സ്യത്തിന്‍റെ ചാകരയായിരുന്നു വർക്കല തീരത്ത്. വറ്റ വലിയ വിലക്കുറവിലാണ് വിറ്റഴിച്ചിരുന്നത്. ഇത്തരത്തിൽ വലിയ തോതിൽ മീൻ വിറ്റുപോയിരുന്നു. ഇതെത്തുടർന്നാണ് നിരവധി പേർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്.

വറ്റ വാങ്ങിക്കഴിച്ച 27 പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യം വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വര്‍ക്കല പൊലീസിന്‍റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി. 20 മുതൽ 25 കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വിൽപ്പന തടഞ്ഞിട്ടുണ്ട്.