

മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നിയമസഭയില്‍ ആരംഭിച്ചു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
മിഷന്‍ സമുദ്ര എന്ന പദ്ധതിയാണ് ബജറ്റിലെ ആദ്യപ്രഖ്യാപനങ്ങളിലൊന്ന്. കേരളത്തിന്‍റെ തീരദേശം, തുറമുഖങ്ങള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവയെ കൂട്ടിയിണക്കിയാണ് കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയാക്കാനുള്ള മിഷന്‍ സമുദ്ര പദ്ധതി. വിദേശത്തേക്ക് ജോലിക്കായി യുവാക്കള്‍ പോവുന്നത് ഒഴിവാക്കാനും അവരെ സംസ്ഥാനത്തിനകത്ത് തന്നെ നിലനിര്‍ത്താനും ശ്രമിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി രൂപയാണ് നീക്കിവെക്കുക. അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തെ വന്‍ശക്തിയായി ഉയര്‍ത്താനുള്ള വന്‍കിട പദ്ധതിയാണ് മിഷന്‍ സമുദ്ര. കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശം, രണ്ടു അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ് ടെര്‍മിനല്‍, 17 ഇടത്തരം തുറമുഖങ്ങള്‍, മറ്റു ജലസ്രോതസുകള്‍ തുടങ്ങിയവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ഇതോടൊപ്പം 50 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് മാരിടൈം മ്യൂസിയവും സ്ഥാപിക്കും. മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമയി വിഴിഞ്ഞം തുറമുഖത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കി മാറ്റും. കൂടാതെ അഴീക്കല്‍, ബേപ്പൂര്‍ എന്നീ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. മദര്‍ഷിപ്പ് നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രവും സ്ഥാപിക്കുമെന്നും വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക് ഹബ്ബാക്കാന്‍ 200 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ഇതോടൊപ്പം സ്‌പേസ് പാര്‍ക്കിനായി അഞ്ചു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വയോജന വകുപ്പിന് 10 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി കേരള കരുതല്‍ മിഷന്‍, വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴില്‍ അവസരം കണ്ടെത്താന്‍ കേരള നോളജ് വാലി പദ്ധതി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് നീക്കിവെക്കുക.
സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങള്‍ക്കായി 100 കോടി രൂപയാണ് ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടൊപ്പം വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി രൂപയും നീക്കിവെച്ചു.