ഫോട്ടോപ്രദർശനം കേരളത്തിൽ നടത്താം; റെയ്ഹാൻ വദ്രയെ ക്ഷണിച്ച് മുഖ്യമന്ത്രി

യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമാണ് റെയ്ഹാൻ വദ്ര
vd satheesan invite raihan bandra to kerala on photo exhibition

റെയ്ഹാൻ വദ്ര | വി.ഡി. സതീശന്‍

Updated on: 

തിരുവനന്തപുരം: ഡൽഹിയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചതോടെ, യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമായ റെയ്ഹാൻ വദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വാഗ്ദാനം. തന്‍റെ സോളോ എക്‌സിബിഷനായ 'നോ ഐഡിയ ഈസ് ഫൈനൽ' ഡൽഹിയിലെ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, സ്ഥാപിച്ചതിന് പിന്നാലെ ബിക്കാനർ ഹൗസ് അധികൃതർ ചിത്രങ്ങൾ എടുത്തുമാറ്റിയെന്നാരോപിച്ച് റെയ്ഹാൻ വദ്ര രംഗത്തെത്തിയത് ചർച്ചയായിരുന്നു.

ചിത്രങ്ങൾ നീക്കംചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. റെയ്ഹാൻ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഒഴിവാക്കലുകളൊന്നും ഉണ്ടാകില്ലെന്നും റെയ്ഹാൻ വദ്രയെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മറ്റൊരാളുടെ അഭിപ്രായത്തെ അധികാരികൾ ഭയപ്പെട്ടുതുടങ്ങിയാൽ, സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞെന്ന് ഓർക്കണമെന്ന് സംഭവത്തിൽ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. യുവതലമുറയുടെ ശബ്ദം അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 'ഇന്ന് എന്‍റെ മകനാണെങ്കിൽ, നാളെ മറ്റൊരു കലാകാരനായിരിക്കും. എന്നാൽ, നീ സത്യത്തിനൊപ്പം ഉറച്ചുനിൽക്കുക, മനോഹരമായതെല്ലാം നിന്നെ തേടിയെത്തും. നിന്നെയോർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു', പ്രിയങ്ക എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സമൂഹ്യമാധ്യമങ്ങളിലെത്തുന്നത്.

logo
Metro Vaartha
www.metrovaartha.com